അവര്‍ പരീക്ഷയെഴുതി; ഇനിയുള്ള ജീവിതം മാറ്റാന്‍

കാഞ്ഞങ്ങാട്: ഡ്രൈവിങ് പരീക്ഷയെഴുതി പുറത്തെത്തിയപ്പോള്‍ അവരുടെ മുഖത്ത് പ്രതിഫലിച്ചു മനസ്സിലെ പ്രതീക്ഷയുടെ തിളക്കം. തടവറയില്‍ നിന്ന് പുറംലോകത്തെത്തുമ്പോള്‍ ജീവിതത്തിന്റെ പച്ചപ്പ് നുണായാമെന്ന പ്രതീക്ഷ. ഓട്ടോറിക്ഷ ഓടിച്ചും ടാക്‌സി ഡ്രൈവറായും ജീവിതവഴി തേടാനുള്ള മുന്നൊരുക്കം. ചീമേനി തുറന്ന ജയിലലെ തടവുകാര്‍ക്കാണ് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ. ഓഫീസില്‍ ഡ്രൈവിങ് എഴുത്തുപരീക്ഷ നടന്നത്.

ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണിവര്‍. പലര്‍ക്കും ശിക്ഷാകാലയളവ് കഴിയാറായി. ഈ സാഹചര്യത്തിലാണ് ജയില്‍വകുപ്പ് ഡ്രൈവിങ് പരിശീലനം നല്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. 60 പേരേയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായാണ് എഴുത്തുപരീക്ഷ നടക്കുന്നത്. അടുത്ത രണ്ടു ഘട്ടങ്ങള്‍ നാല്, 11 തീയതികളില്‍ നടക്കും.

ജൂലായ് മാസത്തില്‍ ഡ്രൈവിങ് പരീക്ഷ നടക്കും. അത്രയും കാലയളവില്‍ ചീമേനിയിലെ മാസ് ഡ്രൈവിങ് സ്‌കൂളുകാര്‍ ഇവരെ പരിശീലിപ്പിക്കും. 20 പേര്‍ ഓട്ടോറിക്ഷാ ഡ്രൈവിങ്ങും ബാക്കിയുള്ളവര്‍ കാര്‍ഡ്രൈവിങ്ങുമാണ് പരിശീലിക്കുന്നത്. സ്വന്തം ചെലവില്‍ ടുവീലറും പഠിക്കുന്നുണ്ട്. പോലീസ് കാവലില്‍ ഇവര്‍ക്ക് പ്രത്യേകമായാണ് എഴുത്തുപരീക്ഷ നടത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വിജയന്‍, എ.എം.വി.ഐ. മാരായ കെ.വി.പ്രേമരാജന്‍, സി.എന്‍.പദ്മരാജന്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.

KCN

more recommended stories