യു.പിയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തട്ടിപ്പ് ; 23 പേര്‍ അറസ്റ്റില്‍

ലക്നൗ: യു.പിയില്‍ ചിപ്പ് ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നാലു പെട്രോള്‍ പമ്പ് ഉടമകളുള്‍പ്പെടെ 23 പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.ഇവരെക്കൂടാതെ ഒരു ഇലക്ട്രീഷ്യനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
തട്ടിപ്പ് നടത്തിയ ആറ് പെട്രോള്‍ പമ്പുകള്‍ പൂട്ടി. പെട്രോള്‍ അടിക്കുന്ന യന്ത്രങ്ങളില്‍ ചിപ്പ് ഘടിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചിപ്പുകള്‍ ഘടിപ്പിച്ച പമ്പുകളില്‍ നിന്ന് പെട്രോള്‍ അടിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രമേ ലഭ്യമാവുകയുള്ളു. ഇത് ഉപഭോക്താവിന് മനസിലാകാത്ത രീതിയിലാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിലുള്ള ചിപ്പുകള്‍ സ്ഥാപിക്കാന്‍ 30,000 മുതല്‍ 40,000 രൂപ വരെയാണ് ചെലവ് വരിക. ഈ ചിപ്പുകള്‍ സ്ഥാപിക്കാന്‍ ഇലക്ട്രീഷ്യന്‍ ഈടാക്കുന്നത് 5000 മുതല്‍ 10000 വരെ രൂപയാണെന്നും പോലീസ് വ്യക്തമാക്കി.
സംസ്ഥാനത്തെ ഏഴു പെട്രോള്‍ പമ്പുകളില്‍ നിന്നായി ഒരു മാസം കൊണ്ട് പ്രതികള്‍ 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായവരില്‍ 4 പമ്പുടമകളും ഒമ്പത് മാനേജര്‍മാരും എട്ട് ജീവനക്കാരും ഒരു ടെക്നിഷ്യനും ഉള്‍പ്പെടുന്നു. 15 ഇലക്ട്രോണിക് ചിപ്പുകളും, 29 റിമോട്ട് കംട്രോളും പമ്പുകളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ അഭിനന്ദിച്ചു.

KCN