മാവോയിസ്റ്റ് വേട്ട: തണ്ടര്‍ബോള്‍ട്ടിന്റെ കാടുകയറലിനു താല്‍ക്കാലിക നിയന്ത്രണം

തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ നിയോഗിക്കപ്പെട്ട തണ്ടര്‍ബോള്‍ട്ട് സേനയുടെ ‘കാടുകയറല്‍’ തല്‍ക്കാലത്തേക്കു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കാട്ടില്‍ കയറിയുള്ള തിരച്ചില്‍ കുറയ്ക്കാന്‍ മുകളില്‍നിന്ന് വാക്കാല്‍ നിര്‍ദേശമെത്തിയതോടെ പതിവു തിരച്ചിലുകള്‍ സേന അവസാനിപ്പിച്ചു. ഇപ്പോള്‍ പേരിനുവേണ്ടി വല്ലപ്പോഴുമാണു തിരച്ചില്‍. ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുന്നതും ഒരു മാസമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

നിലമ്പൂര്‍ കാട്ടില്‍ 2016 നവംബര്‍ 24നു തണ്ടര്‍ബോള്‍ട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതു ഭരണമുന്നണിക്ക് അകത്തും പുറത്തും പ്രതിഷേധത്തിനിടയാക്കിയതിനെത്തുടര്‍ന്നാണു തീരുമാനമെന്നറിയുന്നു. പൊലീസ് നടപടിയെ വിമര്‍ശിച്ചു മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. വിവാദമായേക്കാവുന്ന സേനാനീക്കങ്ങള്‍ ഒഴിവാക്കാനാണു കമാന്‍ഡോകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. രഹസ്യാന്വേഷണ സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിച്ച്, ആദിവാസി വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകണമെന്നും നിര്‍ദേശമുണ്ട്.

കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയുമാണു കൊല്ലപ്പെട്ടത്. 30 പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘമാണ് ഇവരെ നേരിട്ടത്. മാവോയിസ്റ്റ് സംഘത്തില്‍ 11 പേരുണ്ടായിരുന്നെന്നും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്നുമാണു പൊലീസ് ഭാഷ്യം.

രണ്ടുപേരുടെയും ശരീരത്തില്‍ 26 വെടിയുണ്ടകളേറ്റതായാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുപ്പു സ്വാമിക്കു പിന്നില്‍നിന്നാണു വെടിയേറ്റത്. അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളും കുപ്പുസ്വാമിയുടെ ശരീരത്തില്‍ ഏഴു വെടിയുണ്ടകളുമാണു തറച്ചത്. അധുനിക ആയുധങ്ങള്‍ ഉപയോഗിച്ചു മാവോയിസ്റ്റ് സംഘം വെടിവച്ചതിനെത്തുടര്‍ന്നാണു തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ തിരിച്ചു വെടിവെച്ചതെന്നാണ് ആദ്യം പൊലീസ് നല്‍കിയ വിശദീകരണം. എന്നാല്‍, ദേവരാജിന്റെ ശരീരത്തിനരികില്‍ ഒരു പിസ്റ്റല്‍ മാത്രമാണുണ്ടായിരുന്നതെന്നും ഭക്ഷണത്തിനുശേഷം വിശ്രമിക്കുകയായിരുന്ന ഇവരെ പൊലീസ് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നു. മനുഷ്യാവകാശസംഘടനകള്‍ പ്രതിഷേധവുമായെത്തി. അതോടെ, പൊലീസ് നടപടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം വിവാദമായി.

വ്യത്യസ്താഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലുമോ എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം. മോദി സര്‍ക്കാരിനെപ്പോലെയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കാനം വ്യക്തമാക്കി. പിന്നാലെ, മനുഷ്യാവകാശ കമ്മിഷനും വിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ചു ജില്ലാ പൊലീസ് സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളി. കമ്മിഷന്‍ ആവശ്യപ്പെട്ട വിവരങ്ങളില്ലെന്നതായിരുന്നു കാരണം. ഇതെല്ലാം കമാന്‍ഡോകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതായാണു വിവരം. എന്നാല്‍, ഈ തീരുമാനത്തില്‍ സേനയ്ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. തിരച്ചില്‍ കുറയ്ക്കുന്നതു ഗുണകരമാകില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ ഭാഗമായി തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ വിഭാഗം രൂപീകരിക്കുന്നത് 2011 ഫെബ്രുവരിയിലാണ്. 237 കമാന്‍ഡോകളാണ് സംഘത്തിലുള്ളത്. ഇതില്‍ പകുതിയോളം കമാന്‍ഡോകളെയാണു മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്.

KCN