മെയ് 1, ലോക തൊഴിലാളി ദിനം

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനം. എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന ന്യായത്തിന് വേണ്ടി തൊഴിലാളികള്‍ നെയ്തെടുത്ത സമരങ്ങള്‍ക്ക് വിജയത്തിന്റെ പൂമാല ചാര്‍ത്തിയ മെയ് ഒന്ന്. അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും വിറപ്പിച്ച ഹേ മാര്‍ക്കറ്റ് കലാപത്തിനും ഒരു ഓര്‍മ പുതുക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ ഒരു ദിനം ആചരിക്കുന്നു. ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ സമാധാനപരമായി യോഗം ചേരുകയായിരുന്ന ഒരുകൂട്ടം തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് വെടിയുതിര്‍ക്കുന്നത് കാണാം. മനുഷ്യ ജീവനും അവകാശത്തിനും രക്തം കൊണ്ട് വിലയെഴുതപ്പെട്ട സന്ദര്‍ഭം. തുടര്‍ന്ന് 1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ തൊഴിലാളികള്‍ തന്റെ അവകാശങ്ങള്‍ നേടിയെടുത്ത് വിജയം ആഘോഷിച്ചു. അതാണ് ലോക തൊഴിലാളി ദിനം. മുതലാളി വര്‍ഗത്തിന്റെ ചൂഷണത്തെ എതിര്‍ക്കുവാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും ഐക്യദാര്‍ഢ്യത്തോടെ മുന്നിട്ടിറങ്ങി രക്തസാക്ഷിത്വം വരിച്ച സമരനേതാക്കളെ ഈ ദിനത്തില്‍ ഒരിക്കലകൂടി അനുസ്മരിക്കാം. സാമ്പത്തിക സാമൂഹിക മേഖലകളില്‍ ഒരോ തൊഴിലാളിയും നല്‍കിയതും നല്‍കിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ആ ഒരോ തുള്ളി വിയര്‍പ്പിന്റെ ഗന്ധവും കാലത്തിന്റെ ഏടുകളില്‍ തൊഴിലാളി ദിനമായി സ്ഥാനം പിടിച്ചപ്പോള്‍ ആ ദിനം പൊതു അവധിയായി പ്രഖ്യാപിച്ചൊരു കഥ കൂടി ചരിത്രത്തിന് പറയാനുണ്ട്.

മദ്രാസ് ഹൈക്കോടതിയുടെയും ട്രിപ്പ്ലികെന്‍ ബീച്ചിന്റെയും മുന്നില്‍ അരങ്ങേറിയ സമ്മേളനമുഖങ്ങള്‍ മെയ് ഒന്നിന് ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും അതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട ജനതയില്‍ നിന്നും അവകാശങ്ങള്‍ക്കായി പൊരുതി വിജയം കൊയ്ത തൊഴിലാളി വര്‍ഗം അധ്വാനത്തിന്റെയും സഹനത്തിന്റെയും ഒപ്പം ത്യാഗത്തിന്റെയും പ്രതീകമായി മാറിയപ്പോള്‍ തൊഴിലാളി ദിനം ആശംസിച്ച് കൊണ്ട് നമുക്കും ഈ ദിനത്തിന്റെ മഹത്വത്തില്‍ പങ്കുചേരാം. ചരിത്രത്തിന്റെ മുക്കും മൂലയും മാത്രം പരിശോധിക്കുമ്പോള്‍ അനീതിയുടെ ചവറ്റുകൂട്ടയില്‍ ദ്രവിച്ചുപോകുന്ന മറ്റൊരു ജനത കൂടി ഇവിടെയുണ്ട്. തൊഴിലില്‍ നിന്നും കിട്ടുന്ന ചെറിയ തുക പട്ടിണിയും കഷ്ടപ്പാടും മാറ്റാന്‍ പോലും തികയാതെ കഷ്ടപ്പെടുമ്പോള്‍ മറ്റൊരു കൂട്ടം ജനങ്ങള്‍ ഷോപ്പിങ്ങ് മാളുകളും ഹോട്ടലുകളും മാറി മാറി കയറി ആഡംബരത്തിന്റെ കൊടുമുടി കയറുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍പോലും വിശ്രമിക്കാനാകാതെ രാവന്തിയോളം പണിയെടുത്ത് കുടുംബം നയിക്കുന്ന വൃദ്ധസമൂഹവും ബാലവേലയുടെ അന്ധകാരത്തില്‍ കണ്ണീര്‍ പൊഴിക്കാന്‍ മാത്രം വിധിക്കപ്പെട്ട ബാലന്മാരും. കേരളമൊരു ഭ്രാന്താലയമെന്ന് ആധുനികതയും ഒരിക്കല്‍ കൂടി വിളിച്ചോതുകയാണ്. മറുനാടന്‍ ജനതയെ കേരളത്തില്‍ കൊണ്ട് വന്ന് ഒരു വിഭാഗം മലയാളികള്‍ മുതലാളി ചമയുന്നു. രക്തവും ജിവനും സമരപ്പന്തലില്‍ അര്‍പ്പിച്ച് ധീരമായ് നേടിയെടുത്ത തൊഴിലാളികളുടെ അവകാശവും ഓരോ തൊഴിലിന്റെയും മഹത്വവും പുത്തന്‍ തലമുറ ചവിട്ടി മെതിക്കുമ്പോള്‍ നോക്കി നില്‍ക്കാതെ പിന്നിട്ട വഴികളിലേക്ക് ഒരിക്കലെങ്കിലും തിരിഞ്ഞ് നോക്കാന്‍ ഓരോ ജനതയെയും ഈ തൊഴിലാളി ദിനം സഹായിക്കട്ടെ…

KCN