നിയമപ്രശ്‌നമുണ്ടെന്ന് മുഖ്യമന്ത്രി; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം റദ്ദാക്കി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവസാന നിമിഷമാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി പിന്മാറിയത്. ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിനെതിരെ കെ.സി.ജോസഫ് എംഎഎല്‍എ കത്തു നല്‍കിയതിനെ തുടര്‍ന്നാണു തീരുമാനം. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കരുതെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടിരുന്നു. സര്‍വീസിലിരിക്കെ അനുമതിയില്ലാതെയാണു ജേക്കബ് തോമസ് പുസ്തകം എഴുതിയെന്നാണു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് നിയമ സെക്രട്ടറി ചില നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നെന്നു പിന്നീട് മുഖ്യമന്ത്രിയും വ്യക്തമാക്കി. ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതിനാല്‍ അവസാന നിമിഷം റദ്ദാക്കിയത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പുസ്തക രചനയ്ക്ക് ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് മുതിര്‍ന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യുന്നതിലുള്ള അനൗചിത്യവും അവര്‍ അറിയിച്ചു.

എന്നാല്‍ കോണ്‍ഗ്രസുകാര്‍ ചടങ്ങ് അലങ്കോലമാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നും അതുകൂടി കണക്കിലെടുത്താണ് പ്രകാശനം മാറ്റിവച്ചതെന്നും ജേക്കബ് തോമസ് അറിയിച്ചു. പുസ്തകത്തില്‍ പല നിര്‍ണായക വെളിപ്പെടുത്തലുകളും ഉണ്ടെന്നാണു സൂചന. ബാര്‍ കോഴക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷ വിമര്‍ശനമുള്ളതു വാര്‍ത്തയായിരുന്നു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി കെ.ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്നാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടിരുന്നില്ലെന്നും ആത്മകഥയിലുണ്ട്.

ബാര്‍കേസിനെക്കുറിച്ചു പരാമര്‍ശിക്കുന്ന അധ്യായത്തിലാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരില്‍ രൂപപ്പെട്ട ഐക്യമില്ലായ്മയെക്കുറിച്ചും അട്ടിമറി ശ്രമങ്ങളെക്കുറിച്ചും പറയുന്നത്. കെ.ബാബുവിനെ പിന്തുണയ്ക്കുന്നവരാണ് അന്വേഷണം മുന്നോട്ടുനീങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നു ഉമ്മന്‍ചാണ്ടിയുടെ പേരെടുത്തു പറയാതെ സൂചിപ്പിക്കുന്നു. ബാര്‍ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ 45 പേജ് കെ.ബാബുവിന് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയ്ക്ക് അന്വേഷണത്തോട് വിയോജിപ്പുണ്ടായിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിക്കാണാന്‍ താന്‍ നേരത്തെ ആഗ്രഹിച്ചിരുന്നെന്നും ആത്മകഥയില്‍ അദ്ദേഹം പറയുന്നു. അഗ്‌നിശമനസേനയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വാശിപിടിച്ചപ്പോഴാണ് തന്നെ മാറ്റിയതെന്നും ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു.

KCN

more recommended stories