ഖത്തറിനെ ഒറ്റപ്പെടുത്തുന്നു; എത്തിഹാദ്, ഫ്‌ലൈദുബായ് വിമാന സര്‍വീസുകള്‍ റദ്ദാക്കി

റിയാദ്: ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള വിമാനസര്‍വീസുകളും റദ്ദാക്കി. അബുദാബി കേന്ദ്രീകരിച്ച എത്തിഹാദ് എയര്‍വെയ്‌സ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസര്‍വീസ് ഉണ്ടായിരിക്കില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്‌ലൈ ദുബായിയും സര്‍വീസ് നിര്‍ത്തി.

എമിറേറ്റ്‌സ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തുന്നതായാണ് വിവരം. അതേസമയം ഖത്തറിലെ തീര്‍ഥാടകരെ എത്തിക്കുന്നതിന് വിലക്കേര്‍പ്പേടുത്തിയിട്ടില്ല. അതിനിടെ, വിമാനസര്‍വീസുകള്‍ നിര്‍ത്തിയത് മലയാളികളെ ഗുരുതരമായി ബാധിക്കും. അതേസമയം ഖത്തര്‍ എയര്‍വെയ്‌സ് സൗദിയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു.

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങളോടും സൗദി ആഹ്വാനം ചെയ്യുകയും ചെയ്തു.

KCN

more recommended stories