പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കാഞ്ഞങ്ങാട്: ക്വാറികളുടെ ദൂരപരിധി കുറച്ചതിലും ലൈസന്‍സ് കാലാവധി കൂട്ടിയതിലും കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതി പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് പി.മുരളീധരന്‍, എന്‍.മുരളീധരന്‍, ടി.വി.രാജേന്ദ്രന്‍, കണ്ണന്‍ ആനപ്പെട്ടി, കലാധരന്‍ നീലേശ്വരം, പ്രേമചന്ദ്രന്‍, ചോമ്പാല, വി.കെ.വിനയന്‍, രാമകൃഷ്ണന്‍ വാണിയമ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗം പ്രൊഫ.എം.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
പൊതു ഇടങ്ങളില്‍ 100 മീറ്റര്‍ കൂടുതല്‍ ദൂരപരിധിയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അവിടത്തെ ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും നിലനില്‍ക്കാന്‍ പറ്റാത്ത സാഹചര്യവും നിരവധി വീടുകള്‍ക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്. പരിസ്ഥിതിയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന ക്വാറികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന സമീപനങ്ങളാണ് പുതിയ തീരുമാനം. ഇത് ഹരിത കേരളം പദ്ധതികള്‍ക്ക് ഘടകവിരുദ്ധമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
മൂന്ന് വര്‍ഷം ഒരേ സ്ഥലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ചുറ്റുവട്ടത്തെ ജീവജാലങ്ങള്‍ക്കും ജനങ്ങള്‍ക്കും നാശവും പൊടിപലങ്ങള്‍ കൊണ്ട് മാറാരോഗങ്ങളും ഉണ്ടാവുന്നു. കൂടാതെ നീരൊഴുക്കിനെ അത് സാരമായി ബാധിക്കുകയും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യമാണ്, സര്‍ക്കാര്‍ ക്വാറികളുടെ കാലാവധി അഞ്ചു വര്‍ഷമായി നീട്ടിക്കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നത്. ഘനന മാഫിയകള്‍ക്ക് വഴങ്ങി കേരളത്തില്‍ മരുവല്‍ക്കരണം ത്വരിതഗതിയിലാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും ജില്ലാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.

KCN

more recommended stories