പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു; സംസ്ഥാനത്ത് ആറുമാസത്തിനിടെ മരിച്ചത് 241 പേര്‍

തിരുവനന്തപുരം: പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നതിനിടെ, സംസ്ഥാനത്ത് ഇതുവരെ മരിച്ചത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെപ്പേര്‍. 2016 ല്‍ 99 പേരായിരുന്നു പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചതെങ്കില്‍, ഈ വര്‍ഷം ഇതുവരെ മരണസംഖ്യ 241ല്‍ എത്തി. ഇതില്‍ 79 പേരുടെ ജീവനെടുത്തതും ഡെങ്കിപ്പനിയാണ്. രാജ്യാന്തരതലത്തില്‍ പോലും പ്രശസ്തമായിരുന്ന ആരോഗ്യരംഗത്തെ കേരള മോഡല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടിക്കുന്ന കണക്കുകളിങ്ങനെ:

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ പകര്‍ച്ചവ്യാധികള്‍ ബാധിച്ചു മരിച്ചത് 241 പേര്‍. 2016 ല്‍ 99 പേരും 2015 ല്‍ 164 പേരും പകര്‍ച്ചവ്യാധി മൂലം മരണത്തിനു കീഴടങ്ങി.

ഡെങ്കിപ്പനി 79 പേരുടെ ജീവനാണ് ഇത്തവണ കവര്‍ന്നത്. ഇതിനകം 8,053 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 2013 ലും 2015 ലും 29 പേര്‍ വീതവും 2014 ലും 2016ലും 13 പേര്‍ വീതവും മാത്രമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്നറിയുമ്പോഴാണ് രോഗം പടരുന്നതിന്റെ വ്യാപ്തി വ്യക്തമാകുന്നത്. എച്ച്1 എന്‍1 ഇതുവരെ 56 പേരുടെ ജീവനെടുത്തു. എലിപ്പനി ബാധിച്ച് ഒന്‍പതു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചപ്പോള്‍, 28 പേരുടെ മരണകാരണം എലിപ്പനിയാണന്ന് സംശയിക്കുന്നു. കൂടാതെ മലേറിയയും മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും വയറിളക്ക രോഗങ്ങളും പടരുന്നു. പനി ബാധിച്ച് ചികില്‍സ തേടിയവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു.

അതേസമയം, ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും രോഗികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനു നല്‍കുന്നില്ല. ഇതു കൂടിയാകുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതിന്റ വ്യാപ്തി ഊഹിക്കാവുന്നതിലും അപ്പുറത്താണ്. കൃത്യമായ കണക്കുകളുടെ അഭാവം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത വെല്ലുവിളിയാണ്.

KCN

more recommended stories