മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു: ഒരാളെ കാണാതായി

ബേക്കല്‍: മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞ് ഒരാളെ കടലില്‍ കാണാതായി. ഒപ്പമുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കടവത്ത് കൊട്ടനെ (54)യാണ് കടലില്‍ കാണാതായത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.
കൊട്ടന്‍ ഉള്‍പെടെ അഞ്ച് മത്സ്യതൊഴിലാളികള്‍ രാവിലെ പള്ളിക്കര കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു. തോണിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഉണ്ടായ ശക്തമായ തിരമാലകളില്‍പെട്ട് തോണിമറിയുകയും കൊട്ടനെ കടലില്‍ കാണാതാവുകയുമായിരുന്നു. കുമാരന്‍, രാജേഷ് തുടങ്ങി നാലു മത്സ്യതൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും കൊട്ടനെ കണ്ടെത്താനായില്ല. ഈ സമയം അവിടെയുണ്ടായിരുന്ന മറ്റു തോണികളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നവര്‍ കൊട്ടനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്സും കടലില്‍ തിരച്ചില്‍ നടത്തിവരുന്നുണ്ട്. തിരച്ചിലിന് തീരദേശ പോലീസിന്റെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്. പള്ളിക്കര കടപ്പുറത്ത് കുറച്ചുദിവസങ്ങളായി കടല്‍ക്ഷോഭം നിലനില്‍ക്കുകയാണ്.

KCN

more recommended stories