മഴവെളളം പാഴാക്കരുത് ജലസംരക്ഷണത്തിന് ജനപങ്കാളിത്തം അനിവാര്യം

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും മഴവെളള സംഭരണത്തിനും പൂര്‍ണ ജനപിന്തുണ ഉറപ്പുവരുത്തി പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നു ജലസംരക്ഷണ യജ്ഞ യോഗത്തില്‍ നിര്‍ദ്ദേശം.

നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 15 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ ജലസംരക്ഷണ യജ്ഞം ജലം ജീവനാണ് പരിപാടിയുടെ കൃഷി ജല ദൂതന്മാരുടെ അനുഭവം പങ്കുവെക്കലും പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളുടെ അവതരണവും സംഘടിപ്പിച്ചപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവും ഉള്‍പ്പെടെയുളള പ്രമുഖര്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്. രാഷ്ട്രീയകക്ഷികള്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കുടുംബശ്രീ, യൂത്ത് ക്ലബ്ബ്, യുവജന സംഘടന, വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ് തുടങ്ങിയ വിവിധ മേഖലകളിലുളളവരുടെ കൂട്ടായ പങ്കാളിത്തം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. കാലവര്‍ഷത്തിലെ മഴവെളളം പാഴാക്കാതെ വേനല്‍ക്കാലത്തെ കുടിവെളള ക്ഷാമം നേരിടുന്നതിന് കരുതി വെക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
ജലാശയങ്ങളുടെ സംരക്ഷണം, കിണര്‍ റീചാര്‍ജിംഗ്, ഉപ്പുവെളളം കയറുന്നത് തടയല്‍, ജലാശയങ്ങളുടെ തീരങ്ങളില്‍ സാമൂഹിക വനവല്‍ക്കരണം, പൊതു കുളങ്ങളുടെ നിര്‍മ്മാണം, ജലദുരുപയോഗം തടയുന്നതിനുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം ജനപങ്കാളിത്തം ഉറപ്പാക്കണം. വലിയ പദ്ധതികള്‍ നബാര്‍ഡിന്റെയും മറ്റും സാമ്പത്തിക സഹായത്തോടെ നടപ്പാക്കാനാകണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
കാസര്‍കോട് ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു. നബാഡ് തിരുവനന്തപുരം റീജ്യണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ മുഖ്യപ്രഭാഷണവും നബാഡ് എ ജി എം ജ്യോതിസ് ജഗന്നാഥ് ആമുഖ പ്രഭാഷണവും നടത്തി. സി ഇ ഇ പ്രോഗ്രാം ഓഫീസര്‍ ഷിന്റോ ജോണ്‍, ബി ആര്‍ സി പ്രതിനിധി ഷാജി എന്നിവര്‍ സംസാരിച്ചു. 15 പഞ്ചായത്തുകളിലെ ജലദൂതന്മാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ജലസംരക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ജല ഉറവിട മാപ്പിന്റെ പ്രകാശനം കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ജില്ലാ കളക്ടര്‍ ജീവന്‍ബാബുവിന് നല്‍കി നിര്‍വ്വഹിച്ചു.
ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വാര്‍ഡ് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സര്‍ക്കാരേതര സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു.

KCN

more recommended stories