, താരങ്ങളുടെ പിന്തുണ നയന്‍സിന്
ഇതിന് പിന്നാലെയാണ് നയന്‍താരയെ വിമര്‍ശിച്ചും ധനുഷിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമായത്. ‘നാനും റൗഡി താന്‍ ‘ചിത്രം നിര്‍മാതാവ് ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം.
ചെന്നൈ : തമിഴ് നടന്‍ ധനുഷിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച നടി നയന്‍താരക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താന്‍’ സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയെ കുറിച്ച് നെറ്റ് ഫ്‌ലിക്‌സിന്റെ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം കഴിഞ്ഞ ദിവസം മറനീക്കി പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നയന്‍താരയെ വിമര്‍ശിച്ചും ധനുഷിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമായത്. ‘നാനും റൗഡി താന്‍ ‘ചിത്രം നിര്‍മാതാവ് ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത് ,അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ അടക്കം താരങ്ങള്‍ നയന്‍ തരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രുതി ഹാസന്‍ അടക്കം നടിമാര്‍ പിന്തുണച്ചെങ്കിലും, മലയാളി നടിമാര്‍ മാത്രമാണ് നയന്‍താരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. വിഷയത്തില്‍ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നയന്‍താരയുടെ ജീവിതം പ്രമേയമായി, ജന്മദിനമായ നവംബര്‍ 18ന് നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കുന്ന നയന്‍താര ബിയോണ്ട് ദ ഫെയരിടേല്‍ ഡോക്യുമെന്ററിയില്‍ നാനും രൌഡി താന്‍ എന്നാ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പരസ്യ പോരിലെത്തിയത്. ധനുഷ് നിര്‍മിച്ച 2015ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകന്‍ വിഘ്നേഷ് ശിവനുമായി നയന്‍താര സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി. വ്യക്തിജീവിതത്തില്‍ വഴിതിരിവായ സിനിമയിലെ രംഗങ്ങള്‍ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം ധനുഷിന് പിന്നാലെ നടന്നെങ്കിലും പ്രതികരണം ഉണ്ടായില്ല. ഒടുവില്‍ സിനിമാ വിജയാഘോഷത്തിനിടെ വിഘ്നേഷ് സ്വന്തമായി ചിത്രീകരിച്ച 3 സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഡോക്യുമെന്ററി ട്രെയിലറില്‍ ഉള്‍പെടുത്തിയതിന്റെ പേരില്‍ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചു. ഇതു തന്റെ ഹൃദയം തകര്‍ത്തെന്നും ധനുഷിന്റെ സ്വഭാവം എന്തെന്ന് വ്യക്തമായെന്നും നടന് അയച്ച തുറന്ന കത്തില്‍ നയന്‍താര പറയുന്നു.
10 വര്‍ഷമായിട്ടും തന്നോടും വിഘ്നേശ്ശിനോടും ഇങ്ങനെ പക സൂക്ഷിക്കുന്നത് എന്തിനാണ്? ഓഡിയോ ലോഞ്ചുകളില്‍ നിഷ്‌കളങ്കരായ ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്നതു അല്ല ധനുഷിന്റെ യഥാര്‍ത്ഥ മുഖം എന്ന് ഞങ്ങള്‍ക്കറിയാം. പകര്‍പ്പകവകാശം എന്നു ന്യായീകരിച്ച് രാജ്യത്തെ കോടതികളില്‍ പിടിച്ചുനില്‍ക്കാനായേക്കും. എന്നാല്‍ ദൈവത്തിന്റെ കോടതിയില്‍ ധനുഷ് ഉത്തരം പറയേണ്ടി വരുമെന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ തുറന്നടിച്ചു. മൂന്ന് പേജ് തുറന്ന കത്തില്‍ മറ്റുള്ളവരുടെ ദൗര്‍ഭാഗ്യത്തില്‍ സന്തോഷിക്കുന്ന ധനുഷ്, മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തി ആണെന്നും നയന്‍താര ആരോപിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.