നൈജീരിയയില്‍ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലില്‍ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചര്‍ച്ചകളും അവസാനമായി സന്ദര്‍ശിച്ച ഗയാനയില്‍ ഒന്‍പത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസം നീണ്ടുനിന്ന വിദേശ സന്ദര്‍ശനത്തിനിടെ ഉഭയകക്ഷി കൂടിയാലോചനകളും അനൗദ്യോഗിക സംഭാഷണങ്ങളും ഉള്‍പ്പെടെ നടന്നത് 31 ചര്‍ച്ചകള്‍. മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി മടങ്ങിയത്. നൈജീരിയയില്‍ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലില്‍ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചര്‍ച്ചകളും അവസാനമായി സന്ദര്‍ശിച്ച ഗയാനയില്‍ ഒന്‍പത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യമെത്തിയ നൈജീരിയയില്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു പ്രധാന അജണ്ട. പിന്നീട് ബ്രസീലില്‍ വെച്ച് ബ്രസീലിന് പുറമെ ഇന്തോനേഷ്യ, പോര്‍ച്ചുഗല്‍, ഇറ്റലി, നോര്‍വെ, ഫ്രാന്‍സ്, യുകെ, ചിലി, അര്‍ജന്റീന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു. ബ്രസീലില്‍ വെച്ചു നടന്ന പത്ത് ചര്‍ച്ചകളില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ, യുകെ പ്രധാനമന്ത്രി കിര്‍ സ്റ്റാര്‍മര്‍, ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്, അര്‍ജന്റീനന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളായിരുന്നു ആദ്യം.
ബ്രസീലില്‍ വെച്ചുതന്നെ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഈജിപ്ത്, യുഎസ്എ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ഐക്യരാഷ്ട്രസഭ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടെറെസ്, ലോക വ്യാപാര സംഘടന ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ-ഇവാല, ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്, അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളായ ക്രിസ്റ്റലീന ജോര്‍ജിയേവ, ഗീതാ ഗോപിനാഥ് എന്നിവരുമായും മോദി അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തി.
അവസാനമായി സന്ദര്‍ശനം നടത്തിയ ഗയാനയില്‍ വെച്ച് ഗയാനയ്ക്ക് പുറമെ ഡോമിനിക്ക, ബഹാമസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ, സുരിനാം, ബാര്‍ബഡോസ്, ആന്റിഗ്വ, ബാര്‍ബുഡ, ഗ്രനേഡ, സെയ്ന്റ് ലൂസിയ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങിയത്.