കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ പോരാട്ടമുണ്ടായ ചന്നപട്ടണ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടു. 2028ല്‍ തുടര്‍ ഭരണമുണ്ടാകും എന്നതിന്റെ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.
ബിജെപി – ജെഡിഎസ് സഖ്യത്തിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്താണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം. ശ്രദ്ധേയ മത്സരം നടന്ന ചന്നപട്ടണയില്‍ നിഖില്‍ കുമാരസ്വാമി ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് തോറ്റത്. സഖ്യമില്ലാതെ മത്സരിച്ച കഴിഞ്ഞ വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ എച്ച് ഡി കുമാരസ്വാമി പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തിലാണ് മകന്റെ ദയനീയ പരാജയം. അന്ന് ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന സി പി യോഗേശ്വരയെ സ്വന്തം പാളയത്തില്‍ എത്തിച്ചാണ് കോണ്‍ഗ്രസിന്റെ മറുപടി.
മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തട്ടകമായ ഷിഗ്ഗാവ് മണ്ഡലവും ബിജെപിക്ക് നഷ്ടമായി. മകന്‍ ഭരത് ബൊമ്മെയെ തന്നെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബസവരാജ് ബൊമ്മെ മുപ്പത്തി അയ്യായിരത്തിലധികം ഭൂരിപക്ഷം നേടിയ മണ്ഡലമാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഭൂരിപക്ഷം കുത്തനെ കുറഞ്ഞെങ്കിലും സിറ്റിങ് സീറ്റായ സന്ദൂര്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. മൂഡ ഭൂമി കുംഭകോണ കേസ് സജീവ ചര്‍ച്ചയാകുന്നതിനിടെ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനായത് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആശ്വാസമാണ്. ഒപ്പം സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഉപതെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയുമാകും.