ന്യൂ ജേഴ്‌സിയെ പ്രതിനിധീകരിച്ച് വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയില്‍ എത്തുന്ന സംഘത്തില്‍ ഇടം നേടി മലയാളി മാധ്യമ പ്രവര്‍ത്തകന്‍
ന്യൂജേഴ്‌സി: ഇന്ത്യയും ന്യൂജേഴ്‌സിയും തമ്മില്‍ വാണിജ്യ ബന്ധം ഊര്‍ജ്ജിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി രൂപീകരിച്ച ന്യൂ ജേഴ്സി ഇന്ത്യ കമ്മീഷന്‍ സംഘത്തില്‍ ഇടം നേടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോര്‍പ്പറേറ്റ് സീനിയര്‍ എക്‌സിക്യൂട്ടീവുമായ കൃഷ്ണ കിഷോര്‍. ഡിസംബര്‍ 8 മുതല്‍ 16 ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സംഘത്തിലാണ് പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേര്‍സിലെ സീനിയര്‍ ഡയറക്ടറും, ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഡോ കൃഷ്ണ കിഷോര്‍ ഇടം നേടിയത്. ന്യൂ ജേഴ്‌സി ലെഫ്റ്റനന്റ് ഗവര്‍ണറും സെക്രട്ടറി ഓഫ് സ്റ്റേറ്റും ആയ ടഹീഷ വേയാണ് ട്രേഡ് മിഷനെ നയിക്കുന്നത്.
ഇത് ആദ്യമായാണ് ന്യൂ ജേഴ്‌സിയെ പ്രതിനിധീകരിച്ച് ഒരു ഉന്നത തല ഔദ്യോഗിക സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായി വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയില്‍ എത്തുന്നത്. ഈ നിര്‍ണായക ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിയുന്നത് ജീവിതത്തിലെ ഒരു നേട്ടമായി കാണുന്നുവെന്ന് കൃഷ്ണ കിഷോര്‍ വിശദമാക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്. അഹമ്മദാബാദ്, അമൃത്സര്‍, ന്യൂ ഡല്‍ഹി എന്നീ നഗരങ്ങള്‍ ട്രേഡ് മിഷന്‍ സംഘം സന്ദര്‍ശിച്ച് വിവിധ വാണിജ്യ കരാറുകളില്‍ ഒപ്പു വെക്കും.
തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായി കൂടിക്കാഴ്ച്ച നടത്തും. ദില്ലിയില്‍ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറുമായും, മോദി മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തും. യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി ട്രേഡ് മിഷന്‍ സംഘത്തെ യുഎസ് എംബസ്സിയില്‍ സ്വീകരിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. 20 അംഗ സംഘത്തില്‍ ചൂസ് ന്യൂ ജേഴ്സി സിഇഒ വെസ് മാത്യൂസ്, ന്യൂ ജേഴ്സി ഇന്ത്യ കമ്മീഷന്‍ ഡയറക്റ്റര്‍ രാജ്പാല്‍ ബാത്ത് തുടങ്ങിയ പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്.