നാല് തവണ നടത്തിയ സിറ്റിങ്ങിലും കേസില്‍ വിധി വന്നില്ല. തുടര്‍ന്നാണ് ഇന്നത്തേക്ക് കേസ് മാറ്റിവെച്ചത്.
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈ മാസം 12ന് നടക്കേണ്ട സിറ്റിങ് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഡിസംബര്‍ 30ലേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് റിയാദ് കോടതി കേസ് പരിഗണിക്കുന്നത്. മോചനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് കഴിഞ്ഞ തവണ സാങ്കേതിക തടസ്സങ്ങള്‍ മൂലം മാറ്റി വെച്ചത്. ഓണ്‍ലൈന്‍ വഴിയായിരുന്നു കോടതി ചേര്‍ന്നത്. അതേസമയം റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉള്ളത് കൊണ്ടല്ല സിറ്റിങ് നീട്ടിയതെന്നും മറിച്ച് റിയാദ് കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചിരുന്നു.
ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നല്‍കാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബര്‍ 12 ലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഡിസംബര്‍ 30ലേക്ക് വീണ്ടും കോടതി സിറ്റിങ് നിശ്ചയിച്ചത്