സിഡ്നി: ജസ്പ്രിത് ബുമ്രയുടെ പരിക്കുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത്. ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ രണ്ടാം സെഷന്റെ തുടക്കത്തിലാണ് താരം ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നത്. പിന്നാലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം സ്‌കാനിംഗിനായി ആശുപത്രിയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്താണ് പരിക്കെന്നോ, താരം തുടര്‍ന്ന് കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിരുന്നില്ല. നിര്‍ണായക മത്സരമായതിനാല്‍ താരം പന്തെറിയാന്‍ സാധ്യത ഏറെയാണെന്നായിരുന്നു നിഗമനം.
ഇതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പന്തെറിയുന്ന കാര്യത്തില്‍ സംശയമുണ്ട്. രാവിലെ എത്രത്തോളം ഫിറ്റാണെന്ന് പരിശോധിച്ച ശേഷം പന്തെറിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ബുമ്രയ്ക്ക് നേരിയ രീതിയില്‍ പുറം വേദന അനുഭവപ്പെട്ടിരുന്നുവെന്ന് സഹതാരം പ്രസിദ്ധ് കൃഷ്ണ വ്യക്തമാക്കിയിരുന്നു. ബുമ്ര മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണെന്നും പ്രസിദ്ധ് പറഞ്ഞു.