, കോലിയും രോഹിത്തുമില്ല
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് റൗണ്ടില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. ഓസ്‌ട്രേലിയയില്‍ നിരാശപ്പെടുത്തിയ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെയും മുന്‍ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോച്ച് ഗൗതം ഗംഭീറും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. 2012ലാണ് വിരാട് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. രോഹിത് 2106ലായിരുന്നു മുംബൈക്കായി അവസാനം രഞ്ജി ട്രോഫിയില്‍ കളിച്ചത്. ഈ മാസം 23 മുതല്‍ രഞ്ജി ട്രോഫി രണ്ടാംഘട്ട മത്സരങ്ങള്‍ തുടങ്ങുമെങ്കിലും ഇരുവരും കളിക്കാന്‍ തയാറാവുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
ഇതിനിടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് റൗണ്ടില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കലും സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ മാത്രം കളിച്ച പേസര്‍ പ്രസിദ്ധ് കൃഷ്ണയും വിജയ് ഹസാരെ ട്രോഫി നോക്കൗട്ടില്‍ കര്‍ണാടകക്കായി കളിക്കും. ഈ മാസം 9ന് തുടങ്ങുന്ന നോക്കൗട്ട് റൗണ്ടില്‍ 11ന് ബറോഡക്കെതിരെയാണ് കര്‍ണാടകയുടെ ക്വാര്‍ട്ടര്‍ പോരാട്ടം. 10ന് ഇരു താരങ്ങളും കര്‍ണാടക ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.