ഇന്ത്യക്കായി കളിക്കാമെന്ന് ഇനി പ്രതീക്ഷയില്ല, 35-ാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പേസര്‍
ലഖ്‌നൗ: ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചതോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍. കഴിഞ്ഞ ആഭ്യന്തര സീസണൊടുവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആരോണ്‍ ഇന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി പന്തെറിഞ്ഞ ആരോണിന് നാല് കളികളില്‍ മൂന്ന് വിക്കറ്റ് മാത്രമെ നേടാനായിരുന്നുള്ളു. വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിലെത്താതെ പുറത്തായതിന് പിന്നാലെയാണ് ആരോണിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
കഴിഞ്ഞ 20 വര്‍ഷമായി ക്രിക്കറ്റായിരുന്നു എന്റെ ശ്വാസവും ജീവനും ആവേശവും. എന്നാല്‍ ഇന്ന് അഭിമാനത്തോടെ ഞാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ആരോണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2010-2011 സീസണില്‍ 21-ാം വയസില്‍ വിജയ് ഹസാരെയിലൂടെ തന്നെയായിരുന്നു ആരോണ്‍ വരവറിയിച്ചത്. സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ ആരോണ്‍ വൈകാതെ ദേശീയ ടീമിലെത്തി.