ലഹരിമാഫിയക്കെതിരെ സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് പൂര്‍ണ പിന്തുണ; എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ്

സംഘടനാ ശാക്തീകരണത്തിനും തിരഞ്ഞെടുപ്പ് നടപടികള്‍ക്കും രൂപരേഖ (side)

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലയിലുടനീളം വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ലഹരിമാഫിയക്കെതിരായ പോരാട്ടം നിയമപാലന ഏജന്‍സികളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മത-സാമൂഹിക സംഘടനകള്‍, പൊതുസമൂഹം എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനാകുകയെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ത്രൈമാസ കാമ്പയിന്റെ ഭാഗമായി ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ജില്ലയിലെ ശാഖ, മേഖല തലങ്ങളില്‍ ബോധവത്കരണ റാലികള്‍, വിദ്യാര്‍ത്ഥി-യുവജന സംഗമങ്ങള്‍, സെമിനാറുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, രക്ഷിതാക്കള്‍ക്കുള്ള ക്ലാസുകള്‍, കൗണ്‍സിലിംഗ് പരിപാടികള്‍, ക്യാമ്പസ് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. എക്‌സ്ട്രാ ഡ്രൈവ് റാലി, ഡ്രഗ് നെറ്റ് ശില്‍പശാല, റിസോഴ്സ് പൂള്‍, ഹെല്‍പ് ലൈന്‍, കൗണ്‍സിലിംഗ് ക്യാമ്പ്, ഹെല്‍ത്ത് ടു ഹെല്‍ത്ത്, ക്യാമ്പസ് റീച്ച്, യുവജന വാക്ക്, ഗൃഹസന്ദര്‍ശനം തുടങ്ങിയ സംസ്ഥാനതല പദ്ധതികളും ജില്ലയില്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനായി യൂണിറ്റ്, മേഖല തലങ്ങളില്‍ സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, പഠന പരിപാടികള്‍, പരിശീലന ക്യാമ്പുകള്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കാനും മേഖലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

അടുത്തിടെ വഫാത്തായ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ യു.എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, ഖാസി ത്വാഖ അഹമ്മദ് മൗലവി, തൊട്ടി മാഹിന്‍ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണ പരിപാടികള്‍ ജില്ലയിലെ 12 മേഖലകളിലും ജൂലൈ മാസത്തില്‍ സംഘടിപ്പിക്കും. ജില്ലാ കോ-ഓര്‍ഡിനേറ്ററായി ജില്ലാ വൈസ് പ്രസിഡന്റ് യൂനുസ് ഫൈസി അരിയങ്കിലിനെ ചുമതലപ്പെടുത്തി.

ശാഖാതല സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേഖലാ സംഗമങ്ങള്‍ ജൂലൈ 11, 18, 21 തീയതികളില്‍ ബന്തിയോട്, ചെര്‍ക്കള, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നടക്കും. യഥാക്രമം ഫൈസല്‍ ദാരിമി ചേവാര്‍, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, സഈദ് അസ്അദി പുഞ്ചാവി എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായിരിക്കും.

പഴയ കാലസംഘടന ഭാരവാഹികളെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിനായി ‘തലമുറ സംഗമം’ ഓഗസ്റ്റ് ആദ്യവാരം സംഘടിപ്പിക്കാനും തീരുമാനിച്ചു. പരിപാടിയുടെ ചുമതല താജുദ്ദീന്‍ ദാരിമി പടന്ന, സുഹൈര്‍ അസ്ഹരി, ഫാറൂഖ് ദാരിമി, യൂനുസ് ഫൈസി, സഈദ് അസ്അദി എന്നിവര്‍ക്ക് നല്‍കി.

ഒക്ടോബര്‍ 18-ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പുതിയ കൗണ്‍സില്‍ ചേരും. ജില്ലാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഇലക്ഷന്‍ സമിതി ചെയര്‍മാനായി സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലമ്പാടിയെ തെരഞ്ഞെടുത്തു. ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും.

മതപരവും ധാര്‍മികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യുവജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും ലഹരിമുക്ത കേരളം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

യോഗത്തില്‍ അടുത്തിടെ വഫാത്തായ ഖാസി ത്വാഖ അഹമ്മദ് മൗലവിക്കും സമസ്ത ബഹ്‌റൈന്‍ പ്രവര്‍ത്തകന്‍ സുലൈമാന്‍ ചാലക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. സയ്യിദ് ഹംദുല്ല തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി, ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, ജില്ലാ ഭാരവാഹികളായ യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്ങടി, അബ്ദുല്ല യമാനി മേല്‍പ്പറമ്പ്, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഹാഫിള് റാഷിദ് ഫൈസി ആമത്തല, ഫൈസല്‍ ദാരിമി ചേവാര്‍, അന്‍വര്‍ തുപ്പക്കല്‍, ഇല്യാസ് ഹുദവി ഉറുമി, റാസിഖ് ഹുദവി പേരാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top