ഹമാസ് അവസാന നിമിഷം ധാരണ ലംഘിച്ചെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന ഇസ്രയേല്‍ നിലപാടിനെ ബാധിക്കുമോയെന്നതാണ് ആശങ്ക
ടെല്‍ അവീവ്: ഇസ്രയേലും ഹമാസും തത്വത്തില്‍ അംഗീകരിച്ചിട്ടും ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാകുന്നത് വൈകുമോയെന്ന് ആശങ്ക. ഞായറാഴ്ച്ച വെടിനിര്‍ത്തല്‍ നിലവില്‍ വരാനിരിക്കെ, ഇസ്രയേല്‍ മന്ത്രിസഭ യോഗം ചേരുന്നത് വൈകുന്നതാണ് ആശങ്കയുടെ കാരണം. കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കുന്നത് കാത്തിരിക്കുകയാണ് ലോകം. എന്നാല്‍ ഹമാസ് അവസാന നിമിഷം ധാരണ ലംഘിച്ചെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന ഇസ്രയേല്‍ നിലപാടിനെ ബാധിക്കുമോയെന്നതാണ് ആശങ്ക. വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച ശേഷവും ഗാസയില്‍ ഇസ്രയേല്‍ സേന ആക്രമണം തുടരുന്നതും ആശങ്കകള്‍ വര്‍ധിപ്പിക്കുയാണ്.
വിശദവിവരങ്ങള്‍ ഇങ്ങനെ
ഇന്ന് ഉച്ചയോടെയോ വൈകിട്ടോ ആണ് ഇസ്രയേല്‍ ക്യാബിനറ്റ് ചേരേണ്ടിയിരുന്നത്. ഖത്തറില്‍ നിന്ന് പ്രതിനിധി സംഘം മടങ്ങിയെത്തിയ ശേഷമാകും യോഗം ചേരുക എന്നായിരുന്നു വിവരം. അവസാന നിമിഷവും പരസ്പരം ഉള്ള ആരോപണ പ്രത്യാരോപണങ്ങളും വെടിനിര്‍ത്തല്‍ ധാരണയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഹമാസ് ധാരണാ ലംഘനം നടത്തി പ്രതിസന്ധി സൃഷ്ടിച്ചതായി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഇതിനാല്‍ത്തന്നെ മന്ത്രിസഭാ യോഗം നീളുമെന്ന് ബെഞ്ചമിന്‍ നെതന്യാഹും പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഞായറാഴ്ച്ച നിലവില്‍ വരേണ്ട വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം നീളുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അംഗീകരിച്ച ധാരണകള്‍ പാലിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായ ശേഷവും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. 73 മുതല്‍ 80 വരെ പേര്‍ കൊല്ലപ്പെട്ടതായാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെടിനിര്‍ത്തലിന് ശേഷം ഗാസ, പലസ്തീനിയന്‍ അതോറിറ്റിയാകണം ഭരിക്കേണ്ടതെന്ന നിലപാട് പലസ്തീന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.