ദില്ലി : കുംഭമേളക്കിടെയുണ്ടായ ദുരന്തം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചര്‍ച്ച അനുവദിക്കാതിരുന്ന സ്പീക്കര്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ച് ജനങ്ങളുടെ നികുതി പണം എംപിമാര്‍ പാഴാക്കരുതെന്ന് പറഞ്ഞു. രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗധീപ് ധന്‍കറും പ്രതിപക്ഷത്തെ നേരിട്ടു. വഖഫ് നിയമ ഭേദഗതിയിലും പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു.
അതേ സമയം രാഷ്ട്രപതിയുടെ അഭിസംബോധനയില്‍ നടക്കുന്ന നന്ദി പ്രമേയ ചര്‍ച്ചയോട് സഹകരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. ദില്ലിയില്‍ നിന്നുള്ള രാംവീര്‍ സിംഗ് ബിദുരി ചര്‍ച്ചക്ക് തുടക്കമിട്ടു. രാഹുല്‍ ഗാന്ധി ഉച്ചക്ക് ശേഷം സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചര്‍ച്ചക്ക് മറുപടി നല്‍കും. ഇതിനിടെ കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്റെയും, സുരേഷ് ഗോപിയുടെയും പ്രസ്താവനകളില്‍ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. സുരേഷ് ഗോപിയുടെ ഉന്നതകുലജാതന്‍ പരാമര്‍ശത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് സിപിഐ എംപി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
കുംഭമേള ദുരന്തം: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം
25