കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ പാക് ഓപ്പണര്‍ ഫഖര്‍ സമാന് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ഫഖറിന് പകരം ഇമാം ഉള്‍ ഹഖിനെ ടീമില്‍ ഉള്‍പ്പെടുത്തി. മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി തടഞ്ഞിടാന്‍ ശ്രമിക്കുമ്പോഴാണ് താരത്തിന് ഗുരുതര പരിക്കേല്‍ക്കുന്നത്. പിന്നാലെ അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് അവസാന ഓവറുകകളില്‍ കളിക്കാന്‍ അദ്ദേഹം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഓപ്പണറായി കളിക്കാന്‍ സാധിച്ചിരുന്നില്ല. ബാബര്‍ അസമിന് ഒപ്പം സൗദ് ഷക്കീലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.
സ്ഥിരം ഓപ്പണറാകാറുള്ള ഫഖര്‍ നാലാം നമ്പറിലാണ് കളിച്ചത്. പരിക്ക് കാരണം അദ്ദേഹത്തിന് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പലപ്പോഴായി അദ്ദേഹത്തിന് ഫിസിയോയുടെ സഹായം തേടേണ്ടി വന്നു. വേഗത്തില്‍ ഓടാനും ഫഖറിന് കഴിഞ്ഞിരുന്നില്ല. പിന്നാലെ 24 റണ്‍സുമായ ഫഖര്‍ മടങ്ങി. ഫഖറിന് ഓപ്പണറായി തിരിച്ചെത്താന്‍ കഴിയാതെ പോയതില്‍ ഒരു കാരണം കൂടിയുണ്ട്. ഐസിസി നിയമമാണ് ഫഖറിനെ തടഞ്ഞത്. അദ്ദേഹം ഏകദേശം മൂന്ന് മണിക്കൂര്‍ മൈതാനത്തിന് പുറത്തായിരുന്നു ചെലവഴിച്ചത്.
അതേസമയം, ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് പ്രതിരോധത്തിലൂന്നിയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. 10 ഓവറിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. സൗദ് ഷക്കീല്‍ (19 പന്തില്‍ 6), മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ 3) എന്നിവരാണ് ആദ്യം മടങ്ങിയത്. ഇരുവരും മടങ്ങുമ്പോള്‍ 22 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. നാലാമായി ക്രീസിലെത്തി ഫഖര്‍ സമാന് 24 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫഖര്‍ കൂടി മടങ്ങിയതോടെ മൂന്നിന് 69 എന്ന നിലയിലായി പാകിസ്ഥാന്‍. ബാബര്‍ – സല്‍മാനും തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സല്‍മാനെ പുറത്താക്കി നതാന്‍ സ്മിത്ത് കിവീസിന് ബ്രേക്ക് ത്രൂ നല്‍കി.
വൈകാതെ ബാബറും മടങ്ങി. ഇതിനിടെ തയ്യബ് താഹിറും (1) നിരാശപ്പെടുത്തി. ഖുഷ്ദില്‍ ഷായുടെ ഇന്നിംഗ്സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. ഷഹീന്‍ അഫ്രീദി (14), നസീം ഷാ (13), ഹാരിസ് റൗഫ് (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്രാര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു.