സംഘര്‍ഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി. ഇന്ത്യ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാല്‍ പാകിസ്താനും പിന്മാറാം എന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു. പാകിസ്താന്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിന്‍വലിച്ചു.
ഇന്ത്യന്‍ സൈനികരില്‍ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം.
”ഇത് ഇന്ത്യ മുന്‍കൈയെടുത്തതാണ്. ഇന്ത്യ പിന്മാറാന്‍ തയ്യാറാണെങ്കില്‍ സംഘര്‍ഷത്തിന് ആയവ് വരുത്താം, ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാല്‍ പാകിസ്താനും പിന്മാറാം. ഇന്ത്യയ്ക്കെതിരെ ശത്രുതയുള്ള ഒരു നടപടിയും ഞങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ല. പക്ഷേ, ഞങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാല്‍, ഞങ്ങള്‍ തീര്‍ച്ചയായും ഈ ആക്രമണം അവസാനിപ്പിക്കും. ‘- ആസിഫ് പറഞ്ഞു.