Home Editors Choice ജില്ലാതല പരിസ്ഥിതി ദിനാഘോഷത്തില്‍ സ്‌കൂള്‍തല റീസൈക്ലിങ് ഡ്രൈവിന് തുടക്കമിട്ടു

ജില്ലാതല പരിസ്ഥിതി ദിനാഘോഷത്തില്‍ സ്‌കൂള്‍തല റീസൈക്ലിങ് ഡ്രൈവിന് തുടക്കമിട്ടു

by KCN CHANNEL
0 comment

കാസറഗോഡ് :
2025 ജൂണ്‍ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാസറഗോഡ് ജില്ല ശുചിത്വമിഷനും കാസറഗോഡ് മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാഘോഷം കാസര്‍ഗോഡ് ജി.എച്ച്.എസ്.സ്‌കൂളില്‍ അരങ്ങേറി.
പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ്ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിയാന ഹനീഫ്, മുനിസിപ്പല്‍ സെക്രട്ടറി അബ്ദുള്‍ ജലീല്‍ ഡി വി, പ്രധാന അധ്യാപിക ഉഷ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
പരിപാടിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. ജയന്‍ ശുചിത്വ സന്ദേശം നല്‍കിക്കൊണ്ട് ഒരു മാസക്കാലയളവില്‍ നീണ്ടുനില്‍ക്കുന്ന എന്റെ കരുതല്‍ എന്റെ പരിസ്ഥിതിക്കായി ക്യാമ്പയിന്‍ വിശദീകരണം നടത്തി. നവകേരളം കോ-കോര്‍ഡിനേറ്റര്‍ എച്ച്. കൃഷ്ണ, പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത്, അസിസ്റ്റന്റ് കോഡിനേറ്റര്‍ രേവതി, യങ് പ്രൊഫഷണല്‍ സുമേഷ്, ക്ലീന്‍ കേരള കമ്പനി പ്രതിനിധി മിഥുന്‍ ഗോപി, ആരോഗ്യ വിഭാഗം ജീവനക്കാര്‍, അധ്യാപക അനധ്യാപകര്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
” റീസൈക്ലിംഗ് ഡ്രൈവ് ‘ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളില്‍ നിന്നായി പഴയ ബാഗുകള്‍ ശേഖരിച് ക്ലീന്‍ കേരള കമ്പനിയിലേക്ക് കൈമാറുന്നതിന്റെ ജില്ല തല ഉദ്ഘാടനവും മുനിസിപ്പല്‍ ചെയര്‍മാന്‍ നിര്‍വഹിച്ചു. തുടര്‍ ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് സ്‌കൂളുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും റീസൈക്ലിങ് ഡ്രൈവിന്റെ ഭാഗമായി പഴയ ബാഗുകളും മറ്റും ശേഖരിച്ച് ബന്ധപ്പെട്ട ഏജന്‍സിക്ക് കൈമാറുമെന്നും കോഡിനേറ്റര്‍ അറിയിച്ചു. .
പരിസ്ഥിതിയോട് ഇണങ്ങിയ സമീപനം വളര്‍ത്തുന്നതിനായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു, ശുചിത്വ പ്രതിജ്ഞയും ആദരിക്കല്‍ ചടങ്ങും നടത്തി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി സ്വാഗതവും, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍ നന്ദിയും പറഞ്ഞു.

You may also like

Leave a Comment