Home Kerala ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച അഫാന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച അഫാന്റെ ആരോഗ്യ നിലയില്‍ പുരോഗതി

by KCN CHANNEL
0 comment

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് വിദഗ്ധ ചികിത്സ നല്‍കും. മനോരോഗ വിദഗ്ധന്റെ ചികിത്സ നല്‍കുമെന്നും നിലവില്‍ പ്രതിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതി എഴുന്നേറ്റ് നടക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച അഫാനെ കഴിഞ്ഞ ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് സെല്ലിലേക്ക് മാറ്റിയത്. അഫാന്‍ ഓര്‍മ്മശക്തി വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ച് ഓര്‍മയില്ലെന്നായിരുന്നു ബോധം വന്നപ്പോള്‍ അഫാന്‍ പറഞ്ഞത്.

കഴിഞ്ഞ 25-നാണ് അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചപ്പോഴാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ അഫാനെ കണ്ടെത്തിയത്.
വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യുന്ന സമയത്ത് ഉള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാന്‍ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെയും കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തില്‍ ആക്രമിച്ചിരുന്നു. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

You may also like

Leave a Comment