രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം.ഇതില്‍ മൂന്ന് മരണം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.കര്‍ണാടകയില്‍ രണ്ടു മരണവും മഹാരാഷ്ട്രയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.
രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയും ശക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാരടക്കമുള്ളവര്‍ക്ക് RTPCR പരിശോധന ഇതിനകം നിര്‍ബന്ധമാക്കി. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേസമയം, കൊവിഡ്-19 പ്രതിരോധ നടപടികള്‍ തുടരേണ്ടതിന്റെ പ്രാധാന്യവും വിദഗ്ദ്ധര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാസ്‌ക് ധരിക്കല്‍, കൈ ശുചിത്വം പാലിക്കല്‍, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
വര്‍ധിക്കുന്ന അണുബാധകളുടെ പശ്ചാത്തലത്തില്‍, തയ്യാറെടുപ്പും ജാഗ്രതയും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പനി, ക്ഷീണം, ശ്വസന അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന വൈറല്‍ പനികളെയും കൊവിഡ്-19 നെയും തമ്മില്‍ വേര്‍തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്താല്‍ ജാഗ്രത പാലിക്കാനും ഉടനടി വൈദ്യസഹായം തേടാനും മുതിര്‍ന്ന പൗരന്മാരോടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരോടും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിന് മാസ്‌കുകള്‍ ഉപയോഗിക്കുകയും ശുചിത്വ രീതികള്‍ പാലിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവര്‍ത്തിച്ചു.