വരുന്നത് അതിതീവ്ര മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 6 ജില്ലകളില്‍ ഓറഞ്ച്; വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം, ജാഗ്രത നിര്‍ദ്ദേശം
നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 16ന് ലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും 17ന് മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. അടു്തത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന – റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 13 -17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് അടക്കം പ്രഖ്യാപിച്ചു. തെക്കേ ഇന്ത്യയില്‍ അതി തീവ്ര മഴക്കുള്ള റെഡ് അലെര്‍ട്ട് മുന്നറിയിപ്പുണ്ട്. ജൂണ്‍ 13, 14 മുതല്‍ 17 വരെ കേരളം കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അതി തീവ്ര മഴ സാധ്യതയുണ്ട്.
കേരളാ തീരത്ത് കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും, ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. കാലവര്‍ഷം കനത്തതോടെ എറണാകുളത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാവുകയാണ്. ഞാറയ്ക്കല്‍, നായരമ്പലം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിതുടങ്ങി. കടല്‍ഭിത്തി തകര്‍ന്നതും ജിയോ ബാഗുകള്‍ ഒഴുകി പോകുന്നതും ദുരിതം ഇരട്ടിയാക്കുകയാണ്