ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. അഹമ്മദാബാദ് വിമാനാപകടത്തില്‍ 270 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്‌പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്.