Home Kasaragod വനിതാ സംരംഭക സംഗമവും, ഭക്ഷ്യ സംസ്‌കരണ സംരംഭക പദ്ധതിയുടെ ബോധവല്‍ക്കരണ ശില്പശാലയും നടന്നു

വനിതാ സംരംഭക സംഗമവും, ഭക്ഷ്യ സംസ്‌കരണ സംരംഭക പദ്ധതിയുടെ ബോധവല്‍ക്കരണ ശില്പശാലയും നടന്നു

by KCN CHANNEL
0 comment


 കാഞ്ഞങ്ങാട്: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രം കാസർഗോഡ്, താലൂക്ക് വ്യവസായ ഓഫീസ് ഹോസ്ദുർഗ്ഗ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വനിതാ സംരംഭക സംഗമവും പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭക പദ്ധതിയുടെ ബോധവൽക്കരണ ശില്പശാലയും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. കേന്ദ്രസർക്കാറിന്റെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി സംസ്ഥാനങ്ങളുമായി സഹകരിച്ച് ഭക്ഷ്യ സംസ്കരണ മേഖലയുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതി  (പി.എം. എഫ്. എം. ഇ പദ്ധതി )ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് സാമ്പത്തിക, സാങ്കേതിക, വ്യവസായിക പിന്തുണ ലഭിക്കുന്നതാണ്. ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന സമീപനമാണ് ഈ പദ്ധതി വഴി സ്വീകരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉൽപ്പന്നത്തെ തിരഞ്ഞെടുത്തു അതിന്റെ വളർച്ചയാണ് ഇതിലൂടെ ലക്ഷപ്പെടുന്നത്. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുക, ഉത്പാദനത്തിന് പൊതു സൗകര്യങ്ങൾ ഉപയോഗിക്കുക, വിപണനം കാര്യക്ഷമമാക്കുക എന്നിവ വഴി ഉത്പന്നത്തിന്റെ വളർച്ച ഇതിലൂടെ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിംഗ്, വിപണനം എന്നിവയ്ക്ക് സഹായവും ലഭിക്കുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, കാഞ്ഞങ്ങാട് ഇൻഡസ്ട്രിയൽ ഓഫീസ് എ.ഡി.ഐ. ഒ കെ. സി. ലിജി, എസ്. ബി.ഐ ചീഫ് മാനേജർ യദു  എന്നിവർ സംസാരിച്ചു. ജില്ലാ റിസോഴ്സ് പേഴ്സൺ ദേവകുമാർ, സോണൽ കോഡിനേറ്റർ ജിതിൻ ഷാജു, കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി ഇഖ്ബാൽ, എൽ.ഐ.സി ഡെവലപ്മെന്റ് ഓഫീസർ അക്ഷയ് എന്നിവർ വിവിധ പദ്ധതികളുടെ വിശദീകരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹിമാൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ഇൻഡസ്ട്രിയൽ ഓഫീസർ സ്മിത നന്ദിയും പറഞ്ഞു.

You may also like

Leave a Comment