ഹെഡിംഗ്‌ലി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുണ്‍ നായര്‍ക്ക് പരിശീലനത്തിനിടെ പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. നെറ്റ്‌സില്‍ പരിശീലനത്തിനിടെ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് നേരിടാനുള്ള ശ്രമത്തിനിടെയാണ് കരുണ്‍ നായരുടെ വാരിയെല്ലിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര ഫോമിനെ തുടര്‍ന്നാണ് കരുണ്‍ നായര്‍ക്ക് ടെസ്റ്റ് ടീമില്‍ വീണ്ടും അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. 2017ന് ശേഷം ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനായി കളിക്കാനൊരുങ്ങുകയായിരുന്നു കരുണ്‍ നായര്‍.
പരിക്ക് പ്രശ്നമായില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഹെഡിംഗ്‌ലിയില്‍ ഇന്നാരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ കരുണ്‍ നായര്‍ കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. വിരമിച്ച രോഹിത് ശര്‍മ്മയ്ക്ക് പകരം യശസ്വി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുലായിരിക്കും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം സ്ഥാനത്തിനായി യുവതാരം സായ് സുദര്‍ശനൊപ്പം ശക്തമായി മത്സരരംഗത്തുള്ള ബാറ്ററാണ് കരുണ്‍ നായര്‍. വിരാട് കോലിയുടെ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തും. അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ഇടംപിടിക്കുമ്പോള്‍ ജസ്പ്രീത് ബുമ്രക്കൊപ്പം പേസ് ആക്രമണം നയിക്കാന്‍ ആരൊക്കെ എത്തുമെന്നാണ് മറ്റൊരു ആകാംക്ഷ. കൂടുതല്‍ സാധ്യത മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ്. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സ്പിന്‍ ബൗളിംഗില്‍ കുല്‍ദീപ് യാദവായിരിക്കും പങ്കാളി.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പേ ടീം ഇന്ത്യക്ക് ആശങ്ക; കരുണ്‍ നായര്‍ക്ക് പരിക്ക്
20