റോസ് ബൗള്‍: ഫിഫ ക്ലബ് ലോകകപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പിഎസ്ജിയെ മലര്‍ത്തിയടിച്ച് ബ്രസീലിയന്‍ ക്ലബ് ബൊട്ടഫോഗോ. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബൊട്ടഫോഗോയുടെ വിജയം. ഇഗോര്‍ ജീസസാണ് ബ്രസീലിയന്‍ ക്ലബിനായി വിജയഗോള്‍ നേടിയത്. നാല് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ബൊട്ടഫോഗോ താരങ്ങള്‍ തൊടുത്തപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയികളായ പിഎസ്ജിയുടെ ഷോട്ടുകളുടെ എണ്ണം വെറും രണ്ടില്‍ ഒതുങ്ങി. 75 ശതമാനം പന്ത് കാല്‍ക്കല്‍ വച്ചിട്ടും 749 പാസുകള്‍ കൈമാറിയിട്ടും തോല്‍ക്കാനായിരുന്നു പിഎസ്ജിയുടെ വിധി. നിലവിലെ ബ്രസീലിയന്‍ സീരീ എ ചാമ്പ്യന്‍മാരാണ് ബൊട്ടഫോഗോ.
ക്ലബ് ഫുട്‌ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ കളിച്ച രണ്ടും വിജയിച്ച ബൊട്ടാഫോഗോ ആറ് പോയിന്റുമായി തലപ്പത്താണ്. അതേസമയം തോല്‍വിയോടെ പിഎസ്ജി രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റ് തന്നെയെങ്കിലും മൂന്നാമതാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്ഥാനം. ഇന്ന് നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അമേരിക്കന്‍ ക്ലബ് സീറ്റില്‍ സൗണ്ടേഴ്‌സിനെ തോല്‍പിക്കുകയായിരുന്നു. പാബ്ലോ ബാരിയസിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് അത്‌ലറ്റിക്കോ മിന്നും ജയം നേടിയത്. ആദ്യ മത്സരത്തില്‍ പിഎസ്ജിയോട് തോറ്റ അത്‌ലറ്റിക്കോയുടെ ടൂര്‍ണമെന്റിലെ ആദ്യ ജയമാണിത്.
യൂറോപ്യന്‍ ചാമ്പ്യന്‍മാരെ മലര്‍ത്തിയടിച്ച് ബ്രസീലിയന്‍ ക്ലബ് ബൊട്ടഫോഗോ
39