പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനത്തിനുവെയ്ക്കും. സംസ്‌കാരം നാളെ വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ നടക്കും. മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്‌കൂളിന് നാളെ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.
അപകടം നടന്ന് പതിനൊന്നാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്. നേരത്തേ സഹോദരന്‍ രതീഷിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. നിലവില്‍ സഹോദരനും ബന്ധു ഉണ്ണികൃഷ്ണനുമാണ് അഹമ്മദാബാദില്‍ ഉള്ളത്
സര്‍ക്കാര്‍ ജോലിയില്‍ പുനഃപ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്.