ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍. 202 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് രാഹുല്‍ 100 റണ്‍സെടുത്തത്. 247 പന്തില്‍ 137 റണ്‍സെടുത്താണ് താരം പുറത്തായത്.
ഇംഗ്ലീഷ് മണ്ണില്‍ സെഞ്ച്വറി സ്വന്തമാക്കിയതിന് പിന്നാലെ തകര്‍പ്പന്‍ റെക്കോര്‍ഡുകളും രാഹുല്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ ഓപണറായി മാറിയിരിക്കുകയാണ് രാഹുല്‍
റെഡ്ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ രാഹുല്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. 2018ല്‍ ഓവലിലും 2021ല്‍ ലോര്‍ഡ്‌സിലുമാണ് രാഹുല്‍ ഇതിന് മുമ്പ് ഇംഗ്ലണ്ടിലെ മറ്റ് സെഞ്ച്വറികള്‍ നേടിയത്. ഇതോടെ ഇംഗ്ലണ്ട് മണ്ണില്‍ രണ്ട് സെഞ്ച്വറികള്‍ വീതം നേടിയ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, വിജയ് മര്‍ച്ചന്റ്, രവിശാസ്ത്രി എന്നിവരെ ഒരുമിച്ച് മറികടക്കാന്‍ രാഹുലിന് സാധിച്ചു.
കൂടാതെ സേന രാജ്യങ്ങളില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ഏഷ്യന്‍ ഓപണര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും രാഹുലിന് സാധിച്ചു. ഇത് അഞ്ചാം തവണയാണ് രാഹുല്‍ സേന രാജ്യങ്ങളില്‍ സെഞ്ച്വറി നേടുന്നത്. എട്ട് തവണ ഈ നേട്ടത്തിലെത്തിയ സുനില്‍ ഗവാസ്‌കറാണ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമന്‍.
ചരിത്രത്തെ മാറ്റിമറിച്ച ‘ക്ലാസ് സെഞ്ച്വറി’; ഇന്ത്യയുടെ ഇതിഹാസങ്ങളെ മറികടന്ന് രാഹുല്‍
36