ആക്സിയം ദൗത്യ സംഘം വിജയകരമായി ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു ദൗത്യത്തിലെ സുപ്രധാന ഘട്ടമായ ഡോക്കിംഗ് പ്രവര്‍ത്തനം പൂര്‍ത്തിയായത്. പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്കിംഗ് ചെയ്യാന്‍ ക്രമീകരിച്ച സമയം ഇന്ന് വൈകിട്ട് 4.30 ആയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും മുന്നേ ഡോക്കിംഗ് പൂര്‍ത്തിയായി. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് സംഘം ബഹിരാകാശ നിലയത്തിനുള്ളില്‍ കയറി.
ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പടെ നാല് പേരാണ് ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്നീവ്സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാന്‍ഷു. സംഘം ബഹിരാകാശ നിലയത്തില്‍ 14 ദിവസം ചെലവിടും. വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും. ബഹിരാകാശ നിലയത്തില്‍ 60 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. സൂക്ഷ്മ ആല്‍ഗകളുടെയും സയനോബാക്ടീരിയകളുടേയും വളര്‍ച്ചയും മൈക്രോ ഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനവും പഠിക്കും. ഭാവിയിലെ ബഹിരാകാശ ഭക്ഷ്യ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് ധാന്യങ്ങള്‍ മുളപ്പിക്കും.
അഭിമാനം വാനോളം’; ആക്സിയം ദൗത്യസംഘം ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു
26