ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി എസ് സോളമനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച പേര് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 57 അംഗ ജില്ലാ കൗണ്‍സിലിനും സമ്മേളനത്തില്‍ അംഗീകാരമായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിനെ ഒഴിവാക്കിയാണ് പുതിയ ജില്ലാ കൗണ്‍സിലിനെ തെരഞ്ഞെടുത്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അജികുമാറിനെതിരെ പാര്‍ട്ടി തലത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
ഇക്കഴിഞ്ഞ 27നാണ് ആലപ്പുഴയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നായിരുന്നു പ്രതിനിധികളുടെ അഭിപ്രായം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടായെന്നും അടിസ്ഥാന തൊഴിലാളി വിഭാഗം പാര്‍ട്ടിയോട് അകലുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.