അല്‍ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അല്‍ ഇസ്ലാമിന്റെ ഭീകരരാണ് തട്ടിക്കൊണ്ടുപോയത്
ബമാകോ: മാലിയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറന്‍ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമന്റ് ഫാക്ടറിയില്‍ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യന്‍ പൗരന്മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അല്‍ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അല്‍ ഇസ്ലാമിന്റെ ഭീകരരാണ് തട്ടിക്കൊണ്ടുപോയത്.
ജൂലൈ ഒന്നിനാണ് സംഭവം ഉണ്ടായത്. ഫാക്ടറിയിലേക്ക് കടന്നുകയറിയ ഭീകരര്‍ കനത്ത ആക്രമണം അഴിച്ചുവിട്ട ശേഷം അവിടെയുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ പൗര്‍മാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിക്കുന്നുവെന്നും മൂന്ന് പേരെയും കണ്ടെത്താന്‍ മാലി സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇവരുടെ കുടുംബങ്ങളുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട് വരികയാണ്.
മാലിയിലെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും പൗരന്മാരുടെ മോചനം സാധ്യമാക്കാന്‍ തങ്ങളും ഇടപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മാലിയില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് ജാഗരൂകരായി ഇരിക്കാനും ബാമാകോയിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.