ന്യൂഡല്‍ഹി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ ഫരീദാബാദിലായിരുന്നു സംഭവം. പങ്കജ് എന്നയാള്‍ ട്രൈസെപ്‌സ് എക്സ്റ്റന്‍ഷന്‍ പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം മൂലം നിലത്ത് വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാവിലെ 10 മണിക്ക് ജിം സെന്ററില്‍ എത്തിയ പങ്കജ് വര്‍ക് ഔട്ടിന് മുമ്പ് ഒരു കപ്പ് കാപ്പികുടിക്കാറുണ്ട്. ശേഷം വിവിധ എക്‌സര്‍സൈസുകള്‍ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് പങ്കജ് കുഴഞ്ഞുവീണത്.
ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി മുഖത്ത് വെള്ളം തളിച്ചു. ശേഷം, അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തെ ജിമ്മിലേക്ക് എത്തിച്ചു. എന്നാല്‍ പങ്കജ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പങ്കജ് ഹെവി വര്‍കൗട്ടുകളൊന്നും ചെയ്യാറുണ്ടായിരുന്നില്ലെന്ന് ട്രെയിനര്‍ പുനീത് പറഞ്ഞു.
175 കിലോഗ്രാം ആയിരുന്നു പങ്കജിന്റെ ശരീര ഭാരം. അതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്നാണ് ഉടന്‍ തന്നെ ഡോക്ടര്‍മാരെ ജിമ്മിലേക്ക് വിളിച്ചുവരുത്തിയതെന്നും പുനീത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പങ്കജ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് കണ്ടെത്തി. പൊലീസിനെ വിവരമറിയിക്കുകയും മൃതദേഹം ബി കെ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പിന്നീട് കുടുംബത്തിന് കൈമാറി. ബിസിനസുകാരനായിരുന്നു പങ്കജ്.