കൊളംബോ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം റിയാന്‍ പരാഗും കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.
അര്‍ഷ്ദീപ് സിംഗ് പുറത്തായതോടെ മുഹമ്മദ് സിറാജ് മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക പേസര്‍. ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റവുമുണ്ട്. അഖില ധനഞ്ജയക്ക് പകരം മഹീഷ തീക്ഷണ ശ്രീലങ്കയുടെ അന്തിമ ഇലവനിലെത്തി. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ സ്പിന്നര്‍മാരെ തുണക്കുന്ന പിച്ച് തന്നെയാണ് മൂന്നാം മത്സരത്തിനും ഒരുക്കിയിരിക്കുന്നത്.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ടൈ ആയപ്പോള്‍ രണ്ടാം മത്സരം 32 റണ്‍സിന് ഇന്ത്യ തോറ്റു. മൂന്നാം മത്സരം ജയിച്ച് 27 വര്‍ഷത്തിനുശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര നേടാനാണ് ലങ്ക ഇറങ്ങുന്നതെങ്കില്‍ അവസാന മത്സരം ജയിച്ച് പരമ്പര നഷ്ടമെന്ന നാണക്കേട് ഒഴിവാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പരിശീലകനായി ചുമതലയേറ്റശേഷം ആദ്യ ഏകദിന പരമ്പരയില്‍ തോല്‍വി വഴങ്ങിയെന്ന നാണക്കേട് ഒഴിവാക്കേണ്ടത് കോച്ച് ഗൗതം ഗംഭീറിനും ആവശ്യമാണ്. ഈ മത്സരം കഴിഞ്ഞാല്‍ അടുത്ത വര്‍ഷം മാത്രമാണ് ഇന്ത്യക്ക് ഏകദിന പരമ്പരയുള്ളത്.