ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി പ്രഖ്യാപിച്ച് ഐസിസി. ഇത്തവണയും ഫൈനലിന് വേദിയാവുന്നത് ഇംഗ്ലണ്ട് തന്നെയാണ്. അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ 15വരെ ഇംഗ്ലണ്ടിലെ ഐതിഹാസിക വേദിയായ ലോര്‍ഡ്‌സാണ് ലോക ടെസറ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് വേദിയാവുന്നത്. 16ന് ഫൈനലിന്റെ റിസര്‍വ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ക്കും വേദിയായത് ഇംഗ്ലണ്ടാണെങ്കിലും ഇതാദ്യമായാണ് ലോര്‍ഡ്‌സ് കിരീടപ്പോരാട്ടത്തിന് വേദിയാവുന്നത്.
2021ല്‍ സതാംപ്ടണിലും 2023ല്‍ ഓവലിലുമായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടന്നത്. രണ്ടുതവണയും ഫൈനലിലെത്തിയ ഇന്ത്യ 2021ല്‍ ന്യൂസിലന്‍ഡിനോടും 2023ല്‍ ഓസ്‌ട്രേലിയയോടും തോറ്റു. ഇത്തവണയും ഇന്ത്യയും ഓസ്‌ട്രേലിയയും തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. ഒമ്പത് ടെസ്റ്റുകളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 74 പോയന്റും 68.52 വിജയശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.