മുംബൈ:ഐ എസ് എല്‍ പതിനൊന്നാം സീസണ് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സി, മോഹന്‍ ബഗാനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം.ചാമ്പ്യന്‍മാരായ മുംബൈ സിറ്റി ആധിപത്യം തുടരാനാണ് മോഹന്‍ ബഗാനെതിരെ ഇറങ്ങുന്നത്. അതേസമയം, കിരീടപ്പോരിലെ തോല്‍വിക്ക് ഇതേവേദിയില്‍ പകരം വീട്ടാനാണ് മോഹന്‍ ബഗാന്‍ ശ്രമിക്കുക.
പതിറ്റാണ്ടിന്റെ തഴക്കവും പഴക്കവുമായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിനൊന്നാം സീസണ് കിക്കോഫാകുന്നത്. ഐഎസ്എല്‍ പതിനൊന്നാം സീസണില്‍ കിരീടം ലക്ഷ്യമിട്ട് പൊരുതുന്നത് 13 ടീമുകള്‍. കൊല്‍ക്കത്തന്‍ ക്ലബ് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗാണ് നവാഗതര്‍. ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത്യക്കാരനായ സഹപരിശീലകന്‍ നിര്‍ബന്ധം. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനൊപ്പം റഫറി തെറ്റായി ചുവപ്പ് കാര്‍ഡ് നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനും അവസരമുണ്ട്.