അതേസമയം, ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങിയപ്പോഴും ബംഗ്ലാദേശിനെതിരായ രണ്ട് ഇന്നിംഗ്‌സിലും രോഹിത് തിളങ്ങാനാവാതെ പോയത് ആരാധകര്‍ക്ക് നിരാശയായിരുന്നു.
ചെന്നൈ: ഗ്രൗണ്ടില്‍ ഫീല്‍ഡിംഗിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്ന പല ഡയലോഗുകളും സ്റ്റംപ് മൈക്കിലൂടെ പുറത്തുവരാറുണ്ട്. ഫീല്‍ഡര്‍മാര്‍ അലസരാവുമ്പോഴാണ് രോഹിത് പലപ്പോഴും തഗ് ഡയലോഗുകള്‍ അടിക്കാറുള്ളത്. എന്താ ഉദ്യാനത്തില്‍ നടക്കാനിറങ്ങിയതാണോ എന്ന ഡയലോഗ് ഇത്തരത്തില്‍ ആരാധകര്‍ മുമ്പ് കേട്ടതാണ്.
ബംഗ്ലാദേശേിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിനിടെയും രോഹിത് സമാനമായി ഫീല്‍ഡര്‍മാരോട് ഉഷാറാവാന്‍ പറയുന്ന ഡയലോഗാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിനം ബംഗ്ലാദേശ് ഇന്നിംഗ്‌സിനിടെ ‘എന്താ ഉറങ്ങുകയാണോ എല്ലാവരും’ എന്നാണ് രോഹിത് ഉച്ചത്തില്‍ വിളിച്ച് ഫീല്‍ഡറോട് ചേദിക്കുന്നത്. എന്നാല്‍ ആരോടാണ് രോഹിത് ഇത് ചോദിക്കുന്നത് എന്ന് പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമല്ല.
അതേസമയം, ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങിയപ്പോഴും ബംഗ്ലാദേശിനെതിരായ രണ്ട് ഇന്നിംഗ്‌സിലും രോഹിത് തിളങ്ങാനാവാതെ പോയത് ആരാധകര്‍ക്ക് നിരാശയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ആറ് റണ്‍സെടുത്ത് പുറത്തായ രോഹിത് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് മടങ്ങിയിരുന്നു. ഇന്ത്യക്കെതിരെ 514 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ്.