രാവണീശ്വരം സ്‌കൂളിലെ 2002 എസ്.എസ്.എല്‍.സി ബാച്ച് കൂട്ടായ്മ തണലിന്റെ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ നടന്നു
കാഞ്ഞങ്ങാട് : രാവണീശ്വരം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2002 എസ്.എസ്.എല്‍.സി ബാച്ച് കൂട്ടായ്മ തണലിന്റെ കുടുംബ സംഗമം മധുര സ്മരണകള്‍ പങ്കുവെയ്ക്കുന്നതിന്റെയും ആഘോഷത്തിന്റെയും സമന്വയ വേദിയായി മാറി. നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സഹപാഠികല്‍ ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് ആട്ടവും, പാട്ടുമൊക്കെയായി, ഒത്തുകൂടുകയായിരുന്നു. പഠിച്ചിറങ്ങിയ വിദ്യാലയത്തിലേക്ക് പഴയ സഹപാഠികള്‍ വീണ്ടുമെത്തിയപ്പോള്‍, ഗൃഹാതുതയുടെ സ്മരണകളിരമ്പി. പിന്നിട്ട വഴികളില്‍ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന വിദ്യാലയ ഓര്‍മ്മകള്‍ക്ക് അവര്‍ വീണ്ടും തിരി തെളിയിച്ചപ്പോള്‍ സ്‌കൂള്‍ ആഹ്ലാദത്താല്‍ വീര്‍പ്പുമുട്ടി. പ്രസ്തുത ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേരലിന് വേദിയൊരുക്കിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളും, അവരുടെ ജീവിത പങ്കാളിയും, മക്കളുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ അത് വലിയൊരു കുടുംബ സംഗമമായി മാറി. ഓണാഘോഷം കൂടി ഇതോടൊപ്പം സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ആഘോഷത്തിന് മാറ്റ്
പകര്‍ന്ന് പൂര്‍വവിദ്യാര്‍ത്ഥികളിലെ വനിതകള്‍ അണിനിരന്ന തിരുവാതിരയും അരങ്ങേറി. കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാ പരിപാടികളും ഒത്തുചേരലിന് വര്‍ണ്ണപ്പകിട്ടേകി.കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചരിത്രകാരാന്‍ ഡോക്ടര്‍ സി. ബാലന്‍ നിര്‍വ്വഹിച്ചു. ജോയിഷ് മൂലക്കേവീട് അധ്യക്ഷത വഹിച്ചു. ചങ്ങില്‍ തണല്‍ കുടുംബത്തിന്റെ പ്രിയ ഗുരുനാഥന്‍ അശോകന്‍ മാസ്റ്റര്‍ കൂക്കാനത്തെ ആദരിച്ചു. എസ്.എസ്.എല്‍.സി പ്ലസ്.ടു വിജയികളായ തണല്‍ കുടുംബാംഗങ്ങളുടെ മക്കള്‍ക്ക് ചടങ്ങില്‍ അനുമോദനമേകി. വിനീത വാണിയംപാറ സ്വാഗതവും, സുജിത മുക്കൂട് നന്ദിയും പറഞ്ഞു. ഇനിയൊരിക്കല്‍ കൂടി ഒത്തുചേരലിന് അവസരം ഒരുങ്ങുമെന്ന പ്രതീക്ഷയോടെയും, ഉറപ്പോടെയാണ്,
പഴയ സഹപാഠികള്‍,ഒരിക്കല്‍ തങ്ങളുടെ സ്വപ്നഭൂമികയായിരുന്ന കലാലയ തിരുമുറ്റത്ത് നിന്നും
വിടവാങ്ങിയത്