വാലറ്റം നടത്തിയ പോരാട്ടമാണ് ന്യൂസിലന്‍ഡിന്റെ തോല്‍വിഭാരം കുറച്ചത്. സ്‌കോര്‍ ശ്രീലങ്ക 602-5, ന്യൂസിലന്‍ഡ് 88,360.
ഗോള്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 154 റണ്‍സിനും ജയിച്ച ശ്രീലങ്ക രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരി. 514 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതി നോക്കിയെങ്കിലും നാലാം ദിനം 360 റണ്‍സിന് ഓള്‍ ഔട്ടായി. വാലറ്റം നടത്തിയ പോരാട്ടമാണ് ന്യൂസിലന്‍ഡിന്റെ തോല്‍വിഭാരം കുറച്ചത്. സ്‌കോര്‍ ശ്രീലങ്ക 602-5, ന്യൂസിലന്‍ഡ് 88,360.
അഞ്ചിന് 199 എന്ന സ്‌കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ കിവീസിനായി പൊരുതിയ ടോം ബ്ലണ്ടല്‍(60) ആദ്യ മണിക്കൂറില്‍ തന്നെ മടങ്ങിയതോടെ ന്യൂലിലന്‍ഡ് എളുപ്പം കീഴടങ്ങുമെന്ന് കരുതിയെങ്കിലും 78 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും 67 റണ്‍സടിച്ച മിച്ചല്‍ സാന്റ്‌നറും തമ്മില്‍ ഏഴാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടിലൂടെ കിവീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ 99 പന്തില്‍ 78 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്‌സിനെ മടക്കി നിഷാന്‍ പെരിസ് കൂട്ടുകെട്ട് തകര്‍ത്തതോടെ കിവീസിന്റെ പോരാട്ടം അധികം നീണ്ടില്ല. വാലറ്റക്കാരെ കൂട്ടുപിടിച്ച് 67 റണ്‍സുമായി സാന്റ്‌നര്‍ പൊരുതി നോക്കി.
ക്യാപ്റ്റന്‍ ടിം സൗത്തി(10) പൊരുതാതെ മടങ്ങിയപ്പോള്‍ 22 റണ്‍സെടുത്ത അജാസ് പട്ടേലിന്റെ ചെറുത്തുനില്‍പ്പ് പ്രഭാത് ജയസൂര്യയുടെ മാന്ത്രിക സ്പിന്നില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുമായി കിവീസിനെ ചുരുട്ടിക്കെട്ടിയത് പ്രഭാത് ജയസൂര്യയായിരുന്നെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആ ദൗത്യം ഏറ്റെടുത്തത് ഓഫ് സ്പിന്നറായ നിഷാന്‍ പെറിസാണ്. 170 റണ്‍സ് വഴങ്ങി പെറിസ് ആറ് വിക്കറ്റെടുത്തപ്പോള്‍ പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റെടുത്തു.