Home Kerala ബലാത്സംഗ കേസ്: സിദ്ദിഖിന് ഇടക്കാല ആശ്വാസം; അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു

ബലാത്സംഗ കേസ്: സിദ്ദിഖിന് ഇടക്കാല ആശ്വാസം; അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു

by KCN CHANNEL
0 comment

ദില്ലി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോള്‍ നല്‍കിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.

ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 62 ആമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി.

365 സിനിമയില്‍ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയില്‍ വ്യക്തമാക്കി. അതുപോലെ തന്നെ പരാതി നല്‍കിയത് ഏറെ വൈകിയാണന്നും സിദ്ദിഖ് കോടതിയില്‍ വാദിച്ചിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സിദ്ദിഖ് 6 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.

You may also like

Leave a Comment