ഇന്ത്യ മെഡല്‍ വാരിക്കൂട്ടുന്ന ബാഡ്മിന്റണും ഗുസ്തിയും ഹോക്കിയുമുള്‍പ്പെടെ 6 ഇനങ്ങള്‍ അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിലില്ല
ഇന്ത്യ മെഡല്‍ വാരിക്കൂട്ടുന്ന 6 ഇനങ്ങള്‍ ഗ്ലാസ്‌കോയില്‍ നടക്കുന്ന അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഒഴിവാക്കി.
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംഗിസ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. 2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ നേടിയ ആറ് ഇനങ്ങള്‍ ഗ്ലാസ്‌കോയില്‍ നടക്കുന്ന അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളായ ബാഡ്മിന്റണ്‍, ഹോക്കി, സ്‌ക്വാഷ്, ടേബിള്‍ ടെന്നീസ്, ഗുസ്തി, ക്രിക്കറ്റ് എന്നിവയാണ് ഗ്ലാസ്‌കോ ഗെയിംസില്‍ നിന്നൊഴിവാക്കിയത്.
അതുപോലെ ഇന്ത്യക്ക് മെഡല്‍ സാധ്യതയുണ്ടായിരുന്ന ഷൂട്ടിംഗ്, അമ്പെയ്ത്ത് എന്നിവയും അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിലുണ്ടാകില്ല, ആകെ പത്ത് ഇനങ്ങളില്‍ മാത്രമായിരിക്കും അടുത്ത ഗെയിംസില്‍ മത്സരങ്ങള്‍ നടക്കുക. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. 2026 ജൂലെ 23 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ ഗ്ലാസ്‌കോയിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.
അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, നീന്തല്‍, ആര്‍ട്ടിസ്റ്റിക്‌സ ജിംനാസ്റ്റിക്‌സ്, സൈക്ലിംഗ്, നെറ്റ് ബോള്‍, ഭാരദ്വാഹേനം, ജൂഡോ, 3*3 ബാസ്‌ക്റ്റ് ബോള്‍, എന്നീ ഇനങ്ങളില്‍ മാത്രമായിരിക്കും ഗ്ലാസ്‌കോ ഗെയിംസില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുക. ഇതില്‍ ഭാരദ്വേഹനവും അത്‌ലറ്റിക്‌സിലും മാത്രമാണ് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ളത്. 74 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം കായിക താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മാറ്റുരക്കുക. 1966 മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായിരുന്ന ബാഡ്മിന്റണ്‍ ആദ്യമായാണ് ഒഴിവാക്കപ്പെടുന്നത്. സ്‌ക്വാഷും ഹോക്കിയും 1998 മുതലുള്ള എല്ലാ ഗെയിംസിലുമുണ്ടായിരുന്നു. 2002 മുതലുള്ള എല്ലാ ഗെയിംസിലും ടേബിള്‍ ടെന്നീസും മത്സരയിനമായിരുന്നു.
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുകളാണ് നേടിയത്. ഇതില്‍ ഗുസ്തി(12), ബോക്‌സിംഗ്, ടേബിള്‍ ടെന്നീസ്(7 വീതം), ബാഡ്മിന്റണ്‍(6), ഹോക്കി, സ്‌ക്വാഷ്(2 വീതം), ക്രിക്കറ്റ്(1) എന്നിവയുള്‍പ്പെടെ 37 മെഡലുകള്‍ ഒഴിവാക്കപ്പെട്ട കായിക ഇനങ്ങളില്‍ നിന്നാണ്