അന്ത്യം ബെംഗളൂരുവിലെ മകളുടെ വസതിയില്‍
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ് ജയചന്ദ്രന് നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളുരുവില്‍ മകന്റെ വസതിയിലായിരുന്നു അന്ത്യം
ബെംഗളൂരു: പത്രാധിപര്‍ എസ് ജയചന്ദ്രന് നായര്‍ അന്തരിച്ചു. ബെംഗളൂരുവില്‍ മകളുടെ വസതിയില്‍ ഇന്ന് വൈകിട്ട് ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. മലയാളത്തില്‍ വാര്‍ത്താ വാരികകള്‍ക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരാണ് ജയചന്ദ്രന് നായര്‍. തിരക്കഥാകൃത്ത്, എഴുത്തുകാരന്, നിരൂപകന് എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീര്‍ഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചു.
കെ ബാലകൃഷ്ണന്റെ കൗമുദിയില്‍ 1957 ല്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ജയചന്ദ്രന് നായര്‍ തുടര്‍ന്ന് മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവര്‍ത്തിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997ല്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോള്‍ അതിന്റെ പത്രാധിപരായി.
എം കൃഷ്ണന് നായരുടെ പ്രശസ്ത പംക്തി സാഹിത്യ വാരഫലം മുടങ്ങാതെ പ്രസിദ്ധീകരിച്ചത് ജയചന്ദ്രന് നായരുടെ വാരികകളില്‍ ആയിരുന്നു. എം ടിയുടെ രണ്ടാമൂഴം കലാകൗമുദി പ്രസിദ്ധീകരിച്ചത് അദ്ദേഹം പത്രാധിപര്‍ ആയിരിക്കുമ്പോഴാണ്. കഥകള്‍ക്കും നോവലുകള്‍ക്കും മിഴിവേകാന്‍ നമ്പൂതിരിയുടെ വര മാധ്യമമാക്കിയ എഡിറ്ററും ജയചന്ദ്രന് നായരാണ്. നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ ഷാജി എന്‍ കരുണിന്റെ പിറവിയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ജയചന്ദ്രന് നായരായിരുന്നു.
ഷാജിക്ക് വേണ്ടി സ്വം എന്ന ചിത്രവും തിരക്കഥഎഴുതി നിര്‍മിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണവഴികള്‍, റോസാദളങ്ങള്‍, പുഴകളും കടലും എന്നീ കൃതികളുടെ രചയിതാവാണ്. എന്റെ പ്രദക്ഷിണവഴികള്‍ സാഹിത്യ അക്കാദമി പുരസ്കാരം നേടി. പത്രപ്രവര്‍ത്തന മികവിന് കെ ബാലകൃഷ്ണന് അവാര്‍ഡ്, കെ സി സബാസ്റ്റ്യന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, കെ വിജയരാഘവന് സ്മാരക പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ ജേണലിസം അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
2012 ല്‍ മലയാളം വാരികയുടെ പത്രാധിപത്യം ഒഴിഞ്ഞ ശേഷം ബംഗളൂരുവില്‍ മകള്‍ക്കും ഭാര്യക്കും ഒപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മികച്ച വായനക്കാരന് കൂടിയായ ജയചന്ദ്രന് നായര്‍ വിശ്വ സാഹിത്യത്തിലെ പുതിയ രചനകളെ പരിചയപ്പെടുത്തുന്ന ലേഖനങ്ങള്‍ അടുത്ത കാലം വരെ എഴുതിയിരുന്നു. സരസ്വതി അമ്മയാണ് ഭാര്യ. ഇംഗ്ലണ്ടില്‍ ഡോക്ടറായ ഡോ. ജയ്ദീപും സോഫ്റ്റ്വെയര് എന്‍ജിനീയറായ ദീപയും മക്കളാണ്.
അനുശോചിച്ച് മുഖ്യമന്ത്രി
എസ് ജയചന്ദ്രന് നായരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവര്‍ത്തനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിയാണ് എസ് ജയചന്ദ്രന് നായര്‍. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടര്‍ന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ വ്യാപ്തിയുള്ള ജീവിതം. സാഹിത്യകൃതികളെ മുന്‍നിര്‍ത്തിയുള്ള ജയചന്ദ്രന് നായരുടെ പഠനങ്ങള്‍ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സംഭാവന ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിന് രംഗത്ത് പല പുതുമകളും ആവിഷ്കരിച്ച പത്രാധിപര്‍ കൂടിയായിരുന്നു എസ് ജയചന്ദ്രന് നായര്‍. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രന്‍നായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.