ന്യൂനപക്ഷങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും കടുത്ത ആശങ്ക, എഫ്സിആര്‍എ ഭേദഗതിയില്‍ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ന്യൂനപക്ഷങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും കടുത്ത ആശങ്ക, എഫ്സിആര്‍എ ഭേദഗതിയില്‍ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ് സി ആര്‍ എ) പുതിയ ഭേദഗതി വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും മതസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സാങ്കേതിക കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നാല്‍ പോലും സ്ഥാപനങ്ങളുടെ വിദേശ ഫണ്ടും ആസ്തികളും കേന്ദ്രം നിശ്ചയിക്കുന്ന അതോറിറ്റിക്ക് കൈവശപ്പെടുത്താമെന്ന പുതിയ വ്യവസ്ഥ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ നിയമം തന്നെ ദുരുപയോഗം തടയാന്‍ പര്യാപ്തമാണെന്നും, ആരാധനാലയങ്ങള്‍ക്കും മറ്റുമെതിരെ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം കരിനിയമങ്ങള്‍ കൊണ്ടുവരുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ. ഇത്തരം സാഹചര്യങ്ങളില്‍ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. പൊതുതാല്‍പര്യത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ 2010 ലെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം പരിയാപ്ത്യമാണ്. തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നാല്‍ ബന്ധപ്പെട്ട ആസ്തികള്‍ കണ്ടുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇപ്പോള്‍ അവതരിപ്പിച്ച ഭേദഗതി പ്രകാരം, തികച്ചും സാങ്കേതിക കാരണങ്ങള്‍ കൊണ്ടുപോലും രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയും ആസ്തികള്‍ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് വെച്ച ആശങ്കകള്‍ ദൂരുകരിച്ച ശേഷം വേണം ബില്ലിന്റെ തുടര്‍നടപടി സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Scroll to Top