CCWO യുടെ നിയമപോരാട്ടം ഫലം കണ്ടു. കുട്ടികളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ക്ഷേത്ര ചടങ്ങുകള്‍ വിലക്കി ബാലാവകാശ കമ്മീഷന്‍

CCWO യുടെ നിയമപോരാട്ടം ഫലം കണ്ടു. കുട്ടികളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ക്ഷേത്ര ചടങ്ങുകള്‍ വിലക്കി ബാലാവകാശ കമ്മീഷന്‍

വടക്കന്‍ മലബാറിലെ ചില ഭഗവതി ക്ഷേത്രങ്ങളില്‍ തെയ്യം കളിയാട്ടത്തിന്റെ ഭാഗമായി നടത്തിവരുന്ന പന്തല്‍ മംഗലം എന്ന ആചാരത്തിന്റെ ഭാഗമായി മംഗലക്കുഞ്ഞുങ്ങള്‍ എന്ന പേരില്‍ മാറ് മറക്കാതെ ചെറിയ പെണ്‍കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ചൈല്‍ഡ് കെയര്‍ & വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍(CCWO) ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍ ഇന്ന് (01.04.2026) കാസര്‍ഗോഡ് കള്കട്രേറ്റില്‍ നടത്തിയ അദാലത്തില്‍ പരാതിക്കാരനായ സുനില്‍ മളിക്കാല്‍(പ്രസിഡന്റ് -CCWO) മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, പരാതിക്ക് കാരണമായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരെ വാദം കേള്‍ക്കാന്‍ വിളിപ്പിച്ചിരുന്നു. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ചും ജീവനക്കാര്‍ ഹാജരായി. പരാതി വാസ്തവമുള്ളതാണെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മാറ് മറക്കുന്ന രീതിയിലുള്ള വസ്ത്രധാരണം മാത്രമേ ചടങ്ങുകളില്‍ നടത്താവൂ എന്ന് നിര്‍ദ്ദേശിക്കുകയും ആയതിനുള്ള തീരുമാനം രേഖമൂലം കൈക്കൊണ്ടിട്ടുണ്ടെന്ന് ദേവസ്വം,ക്ഷേത്ര അധികാരികള്‍ കമ്മീഷന്‍ മുമ്പാകെ അറിയിക്കുകയും ചെയ്തു. കുട്ടികളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ചില ക്ഷേത്രങ്ങളില്‍ നടന്ന ചടങ്ങിനെതിരെ 2024 ല്‍ സംഘടന നല്‍കിയ പരാതിയിലാണ് ഇന്ന് ബാലാവകാശ കമ്മീഷന്‍ തീര്‍പ്പ് കല്പിച്ചത്.

Scroll to Top