‘ഹോര്‍മൂസ് തുറന്നാല്‍ ആലോചിക്കാം’; ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്‍ പ്രസിഡന്റ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഹോര്‍മൂസ് കടലിടുക്ക് തുറന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഹോര്‍മൂസ് തുറക്കില്ലെന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.
സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അവകാശവാദങ്ങള്‍ ഉയര്‍ത്തിയത്. ഇറാനില്‍ അധികാരമേറ്റ പുതിയ നേതൃത്വം മുന്‍ഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകള്‍ കുറഞ്ഞവരാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. മാത്രമല്ല പുതിയ പ്രസിഡന്റ് ബുദ്ധിശാലിയാണെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെതിരെ സൈനിക നീക്കം തുടരുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതവും സ്വതന്ത്രവുമാണെന്ന് ഉറപ്പാക്കുന്നത് വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടയില്‍ നാറ്റോ സഖ്യത്തെ കടലാസ് പുലി എന്ന് വിശേഷിപ്പിച്ച ട്രംപിന് മറുപടിയുമായി ഫ്രാന്‍സും രംഗത്തെത്തി. നാറ്റോ രൂപീകരിച്ചത് ഹോര്‍മൂസ് കടലിടുക്ക് തുറക്കാനല്ലെന്നായിരുന്നു ഫ്രാന്‍സിന്റെ പ്രതികരണം.




