വിവാഹ വാഗ്ദാനം,വിസ വാഗ്ദാനം, അങ്ങനെ വാഗ്ദാനങ്ങള്‍ നിരവധി;പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍
കൊച്ചി: ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാ?ഗ്ദാനം ചെയ്ത് പണം തട്ടിയക്കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ചെട്ടികുളങ്ങര കണ്ണമംഗലം ഇലഞ്ഞിവേലിത്തറയില്‍ താമസിക്കുന്ന ബിജു ബാലന്‍ (52), ഭാര്യ രശ്മി (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എറണകുളത്തെ മരടില്‍ നിന്ന് പൂയപ്പള്ളി പൊലീസാണ് പ്രതികളെ പിടികൂടിയത്.
2025 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവര്‍ക്കെതിരെ പരാതി കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ പ്രതികളെ പൊലീസിന് പിടികൂടാനായില്ല. ഇപ്പോള്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
10 ലക്ഷത്തിന്റെ പണത്തട്ടിപ്പിന് പുറമേ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസുകളും ഇവര്‍ക്കെതിരെ നിലവിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി 15.52 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസും വിദേശത്ത് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കായംകുളം സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ, വിസ വാഗ്ദാനം നല്‍കിയതിന് കണ്ണൂര്‍ സ്റ്റേഷനിലും കൊല്ലം സ്വദേശിയില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ചിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടും തിരുവനന്തപുരം സ്വദേശികളായ സ്ത്രീകളെ സമാന രീതിയില്‍ കബളിപ്പിച്ചു എന്ന പരാതിയിലും ഇവര്‍ക്കെതിരെ കേസ് ഉണ്ട്. വാഹനങ്ങള്‍ വാങ്ങി മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതും ലോണ്‍ വാഗ്ദാനം നല്‍കി പണം തട്ടിയതും ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ കേസുകളിലും അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




